പോക്കറ്റിലൊതുങ്ങുന്ന ഡ്രോണ്‍, പറപ്പിക്കാന്‍ മൊബൈല്‍ഫോണ്‍ മതി

ന്യുയോര്‍ക്ക്| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (18:13 IST)
ആരുടേയും കണ്ണില്‍ പെടാതെ നിരീക്ഷണം നടത്തുന്ന വിദൂര നിയന്ത്രിത ആളില്ലാ വിമാനമാണ് ഡ്രോണുകള്‍. അമേരിക്കയുടെ പക്കല്‍ ആകാശ യുദ്ധം നടത്താന്‍ തക്ക ശേഷിയുള്ള ഡ്രോണുകള്‍ വരെയുണ്ട്. എന്നാല്‍ ഇത്രയും വലിയ ഡ്രോണുകള്‍ എങ്ങനെയെങ്കിലും നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണില്‍ പെട്ടെന്നിരിക്കും, എന്നാല്‍ അമേരിക്കന്‍ വെബ്സൈറ്റ് ഇപ്പൊള്‍ പുറത്തുവിട്ടിരിക്കുന്ന ഡ്രോണിന് നമ്മുടെ പോക്കറ്റില്‍ ഒതുക്കി കഴിയാന്‍ മാത്രമെ വലിപ്പമുള്ളു.

വേറിട്ടു നില്‍ക്കുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്ന കിക്ക്സ്റ്റാര്‍ട്ടര്‍ എന്ന വെബ്‌സൈറ്റിലാണ് ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അനുറ, സാനോ എന്നിവയാണ് പുതിയ പോക്കറ്റ് സൈസ്ഡ് ഡ്രോണ്‍സ്. ഈ ഇത്തിരിക്കുഞ്ഞനെ നിയന്ത്രിക്കാന്‍ വലിയ സന്നാഹങ്ങളുടെയൊന്നും ആവശ്യമില്ല. പോക്കറ്റിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി!

ഒരു ഐഫോണിന്റെ വലിപ്പമാണ് അനുറയ്ക്കുള്ളത്. ഉള്ളിലേക്കു മടക്കി വെയ്ക്കാവുന്ന നാലു ചിറകുകള്‍ ഉണ്ട്. പ്രത്യേക പെട്ടിയുടെയും ബോക്‌സിന്റെയും സഹായമില്ലാതെ തന്നെ കൊണ്ടു നടക്കാന്‍ സാധിക്കും. വൈഫൈ സംവിധാനത്തിലൂടെ പത്തു മിനിറ്റിനുള്ളില്‍ തന്നെ ഡ്രോണിനെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. വീഡിയോയും ചിത്രങ്ങളും തത്സമയം തന്നെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാക്കുന്ന അനുറയ്ക്ക് വീഡിയോ ലൈവ് സ്ട്രീമിംഗ് നല്‍കാനും സാധിക്കും.

അനുറയെ അപേക്ഷിച്ച് അല്‍പം കൂടി ചെറുതാണ് സാനോ. സാധാരണ കാണാറുള്ള ഡ്രോണിന്റെ രൂപം തന്നെയാണ് ഇതിനുള്ളത്. സാനോയുടെ പ്രൊപ്പല്ലറുകള്‍ മടക്കി വെയ്ക്കാന്‍ സാധിക്കാത്തതിനാല്‍ പ്രത്യേക പെട്ടി ആവശ്യമാണ്. എച്ച്ഡി വീഡിയോയും ചിത്രങ്ങളും പകര്‍ത്താനായി ഇരു ഡ്രോണുകളിലും ക്യാമറ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോണുകളെ നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഇവ ലഭ്യമാണ്.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :