കൊച്ചി|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:04 IST)
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവരംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഇടക്കാല ജാമ്യം ലഭിക്കില്ല. ഡോക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവുണ്ടാവും വരെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് ഡോ മധുസൂദനന്‍, ഡോ മനോജ് കുമാര്‍, ഡോ സുനില്‍ എന്നിവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അത്തരമൊരു ഉത്തരവ് നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ പ്രസവരംഗം ചിത്രീകരിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ സ്ത്രീകള്‍ എങ്ങനെയാണ് ധൈര്യമായി ആശുപത്രികളില്‍ പോവുകയെന്ന് കോടതി ചോദിച്ചു. മൊബൈല്‍ ഫോണില്ലാത്ത പഴയ സൂതികര്‍മിണികളുടെ സഹായം തേടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു.
ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങളുണ്ടായ അപൂര്‍വ പ്രസവമാണ് ചിത്രീകരിച്ചതെന്ന് ഹര്‍ജി ഭാഗം ബോധിപ്പിച്ചു. അങ്ങനെയാണെങ്കില്‍പ്പോലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണ് ഈ സംഭവമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജി സപ്തംബര്‍ 30-ലേക്ക് മാറ്റി.