ചെന്നൈ|
Sajith|
Last Modified ശനി, 20 ഫെബ്രുവരി 2016 (13:05 IST)
ഗൂഗിളിലെ വിദഗ്ദരായ ഡെവലപ്പർമാർ രാപകല്‍ കഠിനാധ്വാനം ചെയ്ത് അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ക്രോം ബ്രൗസറിന്റെ ആൻഡ്രോയ്ഡ് പതിപ്പിനെ അതിശയിപ്പിക്കുന്ന ആപ്പുമായി തമിഴ്നാട് സ്വദേശി. ബ്രൗസിങ് എളുപ്പമാക്കാനും ഫോണിന്റെ വേഗം കൂട്ടാനും ബാറ്ററി ലാഭിക്കാനുമെല്ലാം കഴിയുന്ന തരത്തിൽ അരുൺകുമാർ എന്ന ഡെവലപ്പറാണ് ഈ ചെറിയ ആപ്പ് വികസിപ്പിച്ചെടുത്ത് ശ്രദ്ധ നേടുന്നത്. ക്രോമിലെ കസ്റ്റം ടാബ്‌സ് എന്ന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയാണ് വെബ് ബ്രൗസിങ്ങിനെ
ലളിതമാക്കുന്ന ക്രോമർ (Chromer) എന്ന സൗജന്യ ആപ്പ് അദ്ദേഹം വികസിപ്പിച്ചത്.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളിൽ നിന്നു തുറക്കുന്ന ലിങ്കുകൾ വെബ് ബ്രൗസറിലേക്കു പോകാതെ സ്വതന്ത്രമായി അതിവേഗം തുറക്കുന്നതിനുള്ള സംവിധാനമാണ് ക്രോമിലെ കസ്റ്റം ടാബ്‌സ്. എന്നാൽ, ആപ്പ് ഡെവലപ്പർമാർ കസ്റ്റം ടാബ്‌സ് ഉപയോഗിക്കുന്നതിനുള്ള സംവിധാനം അവരവരുടെ ആപ്പുകളിൽ ഒരുക്കിയെങ്കിലേ ഇത് പ്രവർത്തിക്കൂ.
നല്ലൊരു ശതമാനം ആപ്പുകളും ഇതുവരെ ഇത് ഒരുക്കിയിട്ടില്ല. അതിനുള്ള പരിഹാരമായാണ്‍ ക്രോമർ വരുന്നത്. ക്രോമർ ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ എല്ലാ ആപ്പുകൾക്കും ക്രോം കസ്റ്റം ടാബ്‌സ് ഉപയോഗിച്ച് ലിങ്കുകൾ തുറക്കാന്‍ കഴിയും. ഗൂഗിളിനു തന്നെ ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയാണ് അരുൺകുമാറിന്റെ ഈ ക്രോമർ.