Last Updated:
വ്യാഴം, 24 ജനുവരി 2019 (17:34 IST)
ഷോർട്ട് വിഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക് ഇപ്പോൾ ലോകം മുഴുവൻ പ്രചരികുകയാണ്. കുറഞ്ഞ കാലയളവുകൊണ്ട് നിരവധിപേരാണ് ടിക്ടോക്കിലൂടെ മാത്രം പ്രശസ്തരായത്. നിരവധി സിനിമാ താരങ്ങളും ടിക്ടോക്കിൽ വീഡിയോകൾ ചെയ്യാറുണ്ട്. ഇവർക്കെല്ലാം ടിക്ടോക്കിൽ വലിയ ആരാധകവൃന്ദവുമുണ്ട്.
എന്നാൽ ടിക്ടോക്കിലെ മറ്റു സിനിമാ താരങ്ങളെയെല്ലാം പിന്തള്ളിയിരിക്കുകയാണ് ആലുവ പുഴയുടെ തീരത്ത് എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനസിലേക്ക് കടന്നുവന്ന അനുപമ പരമേശ്വരൻ. ടിക്ടോക്കിൽ എപ്പോഴും അനുപമ സജീവമാണ്. ടിക്ടോക്കിൽ അനുപമയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ 24 ലക്ഷം കടന്നു.
അനുപമ ചെയ്യാറുള്ള മിക്ക ടിക്ടോക് വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമാവാറുണ്ട്. വ്യത്യസ്തവും ക്യൂട്ട് ഔട്ട്ലുക്കിലുമുള്ള വീഡിയോകളാണ് താരം അധികവും ചെയ്യാറുള്ളത്. മലയളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും, വിദേശ ഭാഷകളിൽപോലും അനുപമ വീഡിയോകൽ ചെയ്യാറുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
സെറ്റ് സാരിയുടുത്ത് വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് ചുവടുവക്കുന്ന അനുപമയുടെ ടിക്ടോക്ക് വീഡിയോ അടുത്തിടെ മറ്റു സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ തരംഗമായി മാറിയിരുന്നു. ടിക്ടോക് വീഡിയോകൾ ചെയ്യുന്നതിലൂടെ തന്റെ ആത്മവിശ്വാസം വർധിക്കുന്നതായും മറ്റുള്ളവരുടെ കഴിവുകളെ ആദരിക്കാനുള്ള വേദികൂടിയാണ് തനിക്ക് ടിക്ടോക് എന്നും അനുപമ ടിക്ടോക് വീഡിയോയിലൂടെ തന്നെ പറഞ്ഞിരുന്നു.