പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 21 ജൂണ്‍ 2013 (13:50 IST)
PRO
‘ഹിമാലയന്‍ സുനാമി‘യെന്നറിയപ്പെട്ട ഇന്ത്യ സാക്ഷിയായ വലിയ പ്രളയദുരിതത്തില്‍പെട്ടവര്‍ക്ക് തുണയാകാന്‍ ഗൂഗിളിന്റെ ആപ്ലിക്കേഷന്‍. ഉത്തരാഖണ്ഡില്‍ ഗതാഗത സംവിധാനങ്ങളും മറ്റും തകര്‍ന്ന് ഒറ്റപ്പെട്ട മേഖലകളില്‍ കുടുങ്ങിയവര്‍ക്കാണ് ഗൂഗിളിന്റെ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേന്‍' സഹായമാകുന്നത്.

ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇതിനകം 150 പേരെ കണ്ടെത്താനായെന്നാണ് റിപ്പോര്‍ട്ട്. കാണാതായവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെയ്ക്കാനും, ഒറ്റപ്പെട്ട മേഖലകളില്‍ അകപ്പെട്ടു പോയവര്‍ക്ക് തങ്ങളെവിടെയാണെന്ന് ബാഹ്യലോകത്തെ അറിയിക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ //google.org/personfinder/2013-uttrakhand-floods/ എന്ന ഉത്തരാഖണ്ഡ് 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' പേജും ഗൂഗിള്‍ തുറന്നിട്ടുണ്ട്. ആ പേജിലെത്തി വിവരങ്ങള്‍ ചേര്‍ക്കാനാകും.

2011 ല്‍ ജപ്പാനില്‍ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ഭാഗമായി വന്‍ സുനാമി ദുരന്തമുണ്ടായപ്പോഴും, സമീപകാലത്ത് അമേരിക്കയില്‍ ബോസ്റ്റണ്‍ മാരത്താണ്‍ ബോംബിങിലും ഈ ആപ്ലിക്കേഷന്‍ തുണയ്‌ക്കെത്തി.

2010 ല്‍ ഹെയ്ത്തി ഭൂകമ്പത്തില്‍ ആയിരങ്ങള്‍ ദുരിതത്തില്‍പെട്ടപ്പോള്‍, അവരെ സഹായിക്കാനായി Google.org യുടെ ഗൂഗിള്‍ ക്രൈസിസ് റെസ്‌പോണ്‍സ് വിഭാഗമാണ് 'ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന പദ്ധതി ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :