വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും ഓണ്‍ലൈന്‍ യുദ്ധത്തിന് അരയും തലയും മുറുക്കി. ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ തലയെടുപ്പുള്ള വെബ്സൈറ്റുകള്‍ അണിയിച്ചൊരുക്കിയാണ് ഇരുമുന്നണികളും ഓണ്‍ലൈന്‍ ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇടതുമുന്നണിയുടെ വെബ്സൈറ്റിനാണ് കൂടുതല്‍ മാര്‍ക്ക് നല്‍കേണ്ടിവരിക. കാരണം, ആദ്യം വെബ്സൈറ്റ് സാക്ഷാല്‍കരിച്ചത് ഇടതുമുന്നണിയാണ്. ഒപ്പം, സൈറ്റ് പച്ച മലയാളത്തിലുമാണ്. വലതുമുന്നണിയുടെ സൈറ്റ് ഇപ്പോഴാണ് നിലവില്‍ വന്നത്. കൂടാതെ സൈറ്റ് ഇംഗ്ലീഷിലുമാണ്.
ഇടതുമുന്നണിയുടെ സൈറ്റ് വിലാസം ‘എല്ഡിഎഫ്കേരളം ഡോട്ട് ഓര്‍ഗ്’ (ldfkeralam.org) എന്നാണെങ്കില്‍ വലതുമുന്നണിയുടെ സൈറ്റ് ‘യുഡിഎഫ് ഡോട്ട് ഓര് ഡോട്ട് ഇന്‍’ (udf.org.in) എന്ന വിലാസത്തില്‍ ലഭ്യമാണ്. വാര്‍ത്തകള്‍, പത്രക്കുറിപ്പുകള്‍, മാധ്യമ വിമര്‍ശനം, ചോദ്യോത്തരം മണ്ഡലങ്ങള്‍, ബ്ലോഗ്, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ അതിവിപുലമാണ് ഇടതുമുന്നണിയുടെ സൈറ്റ്. പുതിയ വാര്‍ത്തകള്‍, എന്തുകൊണ്ട് യുഡിഎഫ്, മാനിഫെസ്റ്റോ, മത്സരാര്‍ത്ഥികള്‍, ബ്ലോഗുകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, പ്രവാസി സോണ്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളുമായി വലതുമുന്നണിയുടെ സൈറ്റും ഒട്ടും പിന്നിലല്ല.
അഞ്ചുവര്‍ഷക്കാലത്തെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള എല്‍ഡിഎഫ് സൈറ്റിന്റെ ഹോം പേജില്‍ നേതാക്കളുടെ പടങ്ങള്‍ ഒന്നും ഇല്ല. എന്നാല്‍ സോണിയാഗാന്ധി തൊട്ട് കുഞ്ഞാലിക്കുട്ടി വരെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ യുഡിഎഫിന്റെ സൈറ്റിലുണ്ട്. വീരേന്ദ്രകുമാറിന്റെ ചിരിക്കുന്ന മുഖം യുഡിഎഫ് സൈറ്റിലേക്ക് നമ്മെ ആകര്‍ഷിക്കുമ്പോള്‍ ‘ഐസ്ക്രീമില് വഴുതി വീരനും വീരഭൂമിയും’ എന്ന പേരില്‍ മാധ്യമ വിമര്‍ശനം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് എല്‍ഡിഎഫിന്റെ സൈറ്റ് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
വലതുമുന്നണി അധികാരത്തിലെത്തിയാല്‍ സാന്റിയാഗോ മാര്‍ട്ടിനെക്കൊണ്ട് അഴിയെണ്ണിക്കും എന്ന് യുഡിഎഫ് സൈറ്റ് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ മേല്‍ തലങ്ങും വിലങ്ങും വിമര്ശനാഭിഷേകം നടത്തിയ വീരേന്ദ്രകുമാര്‍ തന്നെ കുഞ്ഞാലിക്കുട്ടിയുമായി വേദി പങ്കിടുന്നത് ‘ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നതിന് സമം’ ആണെന്ന് എല്‍ഡിഎഫ് സൈറ്റ് പറയുന്നു. കടന്നുപോയത് നീതിരഹിത ഇരുണ്ട അഞ്ച് വര്‍ഷങ്ങള്‍ ആണെന്ന് വലതുമുന്നണി അടച്ചാക്ഷേപിക്കുമ്പോള്‍ കടന്നുപോയത് ശാന്തിയുടെയും സമാധാനത്തിന്റേയും അഞ്ചു വര്‍ഷങ്ങളാണെന്ന് എല്‍ഡിഎഫ് ആണയിടുന്നു.
കാര്‍ട്ടൂണുകളാണ് ഇരു സൈറ്റുകളിലെയും മറ്റൊരാകര്‍ഷണം. കാര്‍ട്ടൂണിസ്റ്റ് യേശുദാസനാണ് ഇടതുമുന്നണിക്ക് തൂലിക ചലിപ്പിക്കുന്നതെങ്കില്‍ യുവ കാര്‍ട്ടൂണിസ്റ്റായ സുജിത്താണ് വലതുമുന്നണിയുടെ കൂടെ. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് യേശുദാസന് വരച്ചിരിക്കുന്ന കാര്‍ട്ടൂണ്‍ ആരെയും രസിപ്പിക്കും. മന്മോഹന് സിംഗ് മാധ്യമങ്ങളോട് പറയുന്നു, ‘അവസാനം ഞാന്‍ മൌനം വെടിയുന്നു. എനിക്ക് പ്രിയപ്പെട്ടതാണ് 2ജി. അതായത് സോണിയാജിയും രാഹുല്‍ജിയും!’.
യുഡിഎഫ് സൈറ്റിലെ ‘മകന്റെ അച്ഛന്’ എന്ന കാര്‍ട്ടൂണും നന്നായിട്ടുണ്ട്. ‘ശബരീനാഥും പുത്തന്‍പാലം രാജേഷും പിന്നെ എന്റെ മോനും’ എന്ന സിനിമയുടെ പോസ്റ്ററിന് താഴെ പൊലീസ് വേഷത്തില്‍ നില്ക്കുന്ന കോടിയേരി. ‘എന്ത് കേസ് കണ്ടാലും ഞാന്‍ കേസെടുക്കും’ എന്നാണ് കക്ഷി പറയുന്നത്. ഇത് കണ്ട കാണിയുടെ ആത്മഗതം ഇങ്ങിനെ - ‘മകന്റെ 13 കേസുകളും എഴുതിത്തള്ളിയ ആളാ, ശരിക്കും മകന്റെ അച്ഛന്!’
എന്തായാലും ഇരുമുന്നണികളുടെയും സൈബര്‍ പോര്‍മുഖങ്ങള്‍ റെഡിയായിരിക്കുന്നു. ഇനി മിസൈലുകള്‍ മിന്നിപ്പായിച്ച് ഇരുമുന്നണികളും നടത്തുന്ന ഓണ്‍ലൈന്‍ യുദ്ധം കാണാന്‍ നമുക്ക് എല്ഡിഎഫ്കേരളം ഡോട്ട് ഓര്‍ഗും യുഡിഎഫ് ഡോട്ട് ഓര് ഡോട്ട് എന്നും സന്ദര്‍ശിക്കാം.