ലോട്ടറി വിഷയത്തില്‍ മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ യുഡിഎഫിനു തപ്പുകൊട്ടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇടയില്‍ ഉണ്ടെന്ന് പറയുന്ന അഭിപ്രായ വ്യത്യാസം മാധ്യമങ്ങളുടെ പ്രചാരണമാണെന്നും പിണറായി ആരോപിച്ചു.
ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരേ അഭിപ്രായമാണ് ഉള്ളത്. എന്നാല്‍, ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, കഴിഞ്ഞ ദിവസം കൊണ്ടോട്ടിയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.
അന്യസംസ്ഥാന ലോട്ടറികള്‍ വേണ്ട എന്നാണ് കേരളത്തില്‍ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍, അവര്‍ക്ക് അനുകൂലമായ വിധി വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ വിസമ്മതിച്ചത് ഇതിനാലാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനുകൂലമായ വിധിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് സന്തോഷമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.