നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (09:08 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍. തന്റെ ഇഴഞ്ഞുള്ള ബാറ്റിങ് ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് വാര്‍ണര്‍ പറഞ്ഞു.
ടോസ് ജയിച്ച ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, തുടക്കംമുതലേ വാര്‍ണറുടെ ഇന്നിങ്‌സ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. 55 പന്തുകള്‍ നേരിട്ട വാര്‍ണര്‍ക്ക് നേടാന്‍ സാധിച്ചത് 57 റണ്‍സ് മാത്രമാണ്. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് വാര്‍ണറുടെ ബാറ്റില്‍ നിന്നു പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ 18.3 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ചെന്നൈ ഇത് മറികടന്നു.
"എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ ബാറ്റ് ചെയ്ത രീതിയാണ് പ്രശ്‌നം. മനീഷ് പാണ്ഡെ ബാറ്റ് ചെയ്ത ശൈലി വ്യത്യസ്തമായിരുന്നു. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണ്. ഞാന്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടു. പല ഷോട്ടുകളും ചെന്നൈ ഫീല്‍ഡര്‍മാര്‍ നല്ല രീതിയില്‍ പ്രതിരോധിച്ചു," വാര്‍ണര്‍ പറഞ്ഞു
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഇന്നിങ്‌സില്‍ ഉടനീളം അങ്ങേയറ്റം നിരാശനായിരുന്നു ഡേവിഡ് വാര്‍ണര്‍. പലപ്പോഴും ബൗണ്ടറികള്‍ നേടാന്‍ സാധിക്കാത്തതില്‍ താരം ക്ഷുഭിതനായി. പല ഷോട്ടുകളും കളിച്ച ശേഷം സ്വയം പഴിക്കുകയായിരുന്നു താരം.