ഗെയിം പ്ലാൻ ഇത് തന്നെയായിരുന്നു: സഞ്ജു പറയുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (11:56 IST)
ചെന്നൈ സൂപ്പർകിങ്‌സിനെതിരെയുള്ള മത്സരത്തിലൂടെ തന്റെ വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാന് വേണ്ടി മൂന്നാമനായി ഇറങ്ങി വെറും 32 പന്തിൽ 74 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതിൽ ഒരു ഫോറും 9 സിക്‌സറുകളും ഉൾപ്പെടുന്നു. രാജ്യമെങ്ങുനിന്നും വലിയ പ്രശംസയാണ് സഞ്ജുവിന്റെ ബാറ്റിങിനെ പറ്റി ഉയരുന്നത്.

അതേസമയം കൃത്യമായി നടപ്പിലാക്കിയ ഗെയിം പ്ലാനായിരുന്നു ഇതെന്നാണ് സഞ്ജുവിന് പറയാനുള്ളത്. വിക്കറ്റ് പോകാതെ നിലയുറപ്പിച്ചുകൊണ്ട് തകർത്തടിക്കുക എന്നായിരുന്നു ഗെയിം പ്ലാൻ. ആദ്യ പന്ത് മുതൽ അതിനാണ് പ്രാധാന്യം നൽകിയത്. പവർ ഹിറ്റിനെ ഏറെ ആശ്രയിക്കുന്നതാണ് തന്റെ ശൈലി എന്നതിനാൽ ഡയറ്റിലും പരിശീലനത്തിലും ഫിറ്റ്‌നസിലും ഇത്ര നാളും വലിയ ശ്രദ്ധ നൽകിയിരുന്നു. മത്സരശേഷം സഞ്ജു പറഞ്ഞു.

ചെന്നൈയുടെ സ്പിൻ നിരയെയാണ് സഞ്ജു മത്സരത്തിൽ പ്രധാനമായും കടന്നാക്രമിച്ചത്. ചെന്നൈ താരങ്ങളായ രവീന്ദ്ര ജഡേജയും പീയുഷ് ചൗളയുമാണ് സഞ്ജുവിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞ ബൗളർമാർ. പീയുഷ് ചൗളയുടെ ഒരോവറിൽ 4 സിക്‌സറുകളാണ് ധോണിയെ വിക്കറ്റിന് പിന്നിൽ സാക്ഷിയാക്കി സഞ്ജു അടിച്ചുപറത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :