അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (12:23 IST)
പഞ്ചാബ് സൂപ്പർകിംഗ്‌സിനെതിരെയുള്ള മത്സരത്തിൽ നിസ്സഹായനായി പോയ ഒരു പോരാളിയുടെ മുഖമായിരുന്നു സഞ്ജു സാംസൺ ഓർമിപ്പിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോളും രാജസ്ഥാൻ കോട്ടയെ കാത്ത നായകന്റെ വേഷമായിരുന്നു ഇന്നലെ സഞ്ജുവിനുണ്ടായിരുന്നത്. ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്‌ച്ചവെക്കാൻ സാധിച്ചപ്പോളും ജയം മാത്രം അകന്ന് നിന്നത് മത്സരശേഷവും സഞ്ജുവിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.
ഇതിനേക്കാൾ നന്നായി എനിക്ക് ഒന്നും ചെയ്യാനാകുമെന്ന് കരുതുന്നില്ല. ആ പന്ത് നന്നായി ടൈം ചെയ്യാൻ എനിക്കായിനിര്‍ഭാഗ്യവശാല്‍ ഡീപ്പില്‍ നിന്നിരുന്ന ഫീല്‍ഡറെ മറികടക്കാനായില്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. വിക്കറ്റ് മികച്ചതായി കൊണ്ടിരിക്കുകയാണെന്നും മികച്ച രീതിയില്‍ വിജയ ലക്ഷ്യം പിന്തുടരാമെന്നും ഞങ്ങൾ കരുതി. തോറ്റെങ്കിലും ടീം മികച്ച രീതിയിൽ കളിച്ചുവെന്ന് കരുതുന്നു സഞ്ജു പറഞ്ഞു.
പഞ്ചാബ് ഉയർത്തിയ 222 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 4 റൺസിനാണ് തോൽവി വഴങ്ങിയത്. മത്സരത്തിലെ അവസാന പന്തിൽ സിക്‌സടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം വൈഡ് ലോംഗ് ഓഫില്‍ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. സഞ്ജു 63 പന്തിൽ 119 റൺസ് അടിച്ചെടുത്തു. 7 സിക്‌സും 12 ഫോറുമാണ് സഞ്ജു നേടിയത്.