പഞ്ചാബിന് പണിയാകുന്നത് നായകൻ തന്നെ, രാഹുലിന്റെ മെല്ലെപ്പോക്ക് കളിക്കെതിരെ കടുത്ത വിമർശനം

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (17:01 IST)
ഐപിഎല്ലിൽ ഏറ്റവും ശക്തമായ ബാറ്റിംഗ് നിര സ്വന്തമായ ടീമുകളിൽ ഒന്നാണ് പഞ്ചാബ് സൂപ്പർ കിംഗ്‌സ്. മായങ്ക് അഗർവാൾ മുതൽ പുതുമുഖ താരമായ ഷാറൂഖ് ഖാൻ വരെ നീളുന്ന ഹിറ്റർമാർ അണിനിരക്കുന്ന ടീം പക്ഷേ മത്സരങ്ങൾ പലതും പൂർത്തിയാക്കുന്നത് 20 റൺസെങ്കിലും പുറകിലാണ്. മികച്ച സ്കോറിൽ നിന്നും ടീമിനെ തടഞ്ഞു നിർത്തുന്നതാകട്ടെ പഞ്ചാബ് നായകൻ കെഎൽ രാഹുലിന്റെ പ്രകടനവും.

യുഎഇ‌യിൽ നടന്ന കഴിഞ്ഞ സീസണിൽ 7 ഇന്നിങ്സുകളിൽ 40 കടന്നെങ്കിലും അഞ്ചിലും 130ന് താഴെ മാത്രമായിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇതിൽ നാല് കളികളിൽ പഞ്ചാബ് തോൽക്കുകയും ഒരു കളി അവസാന ബോളിൽ വിജയിക്കുകയും ചെയ്‌തു. ഇക്കുറിയും സമാനമായ പ്രകടനമാണ് താരം നടത്തുന്നത്.

രാജസ്ഥാനെതിരെ ആദ്യ മത്സരത്തിൽ 50 പന്തില്‍ 91 റൺസുമായി തുടങ്ങിയെങ്കിലും ഡൽഹിക്കെതിരെ 51 പന്തില്‍ നേടിയത് 61 റൺസ് മാത്രം. സ്‌ട്രൈക്ക് റേറ്റ് 120ലും താഴെ. മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച പഞ്ചാബിനെ ഈ ഇന്നിങ്സ് പുറകോട്ടടിക്കുകയും ഡൽഹി വിജയം സ്വന്തമാക്കുകയും ചെയ്‌തു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധസെഞ്ചുറി നേടിയ മൂന്ന് ഇന്നിംഗ്സും രാഹുലിന്റെ പേരിലാണ്. ടീമിന്റെ പ്രധാന പ്രശ്‌നം തന്നെ നായകന്റെ സമീപനമാണെന്നിരിക്കെ പഞ്ചാബ് എങ്ങനെ ഈ പ്രതിസന്ധി മറികടക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :