മുൻനിര തകർന്നു, നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത് സാം കരൻ, മുംബൈക്കെതിരെ ചെന്നൈക്ക് നാണംകെട്ട തോൽ‌വി

അഭിറാം മനോഹർ| Last Modified ശനി, 24 ഒക്‌ടോബര്‍ 2020 (08:00 IST)
മുംബൈ ബൗളർമാർ അഴിഞ്ഞാടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 10 വിക്കറ്റ് തോൽവി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറിൽ 115 റൺസെടുക്കാനെ സാധിച്ചുള്ളു. മത്സരത്തിൽ അവസാനം വരെ പിടിച്ചു നിന്ന് 52 റൺസെടുത്ത സാം കരനാണ് ചെന്നൈയുടെ ടോപ് സ്കോറർ.

നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ട്,
രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബൂമ്ര, രാഹുല്‍ ചാഹര്‍ എന്നിവരാണ് ചെന്നൈയെ തകർത്തത്. നതാൻ കൗൾട്ടർ നൈൽ ഒരു വിക്കറ്റ് വീഴ്‌ത്തി. മത്സരത്തിൽ പവർപ്ലേയിൽ തന്നെ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായിട്ടാണ് ചെന്നൈയ്ക്ക് പവർ പ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടമാകുന്നത്.

ട്രെന്റ് ബോൾട്ട് എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ റിതുരാജ് ഗെയ്‌ക്ക്‌വാദ് പുറത്ത്. തൊട്ടടുത്തലോവറിൽ ബു‌മ്രക്ക് വിക്കറ്റ് സമാനിച്ച് റായുഡുവും പുറത്ത്.പിന്നാലെയെത്തിയ ജഗദീഷൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്. ബോൾട്ടിന്റെ അടുത്ത ഓവറിൽ ഡുപ്ലെസിയും പുറത്താകുമ്പോൾ സ്കോർബോർഡ് 2.5 ഓവറിൽ 3 റൺസിന് നാല് വിക്കറ്റ്. തുടർന്ന് ടീം ടോട്ടൽ 21ൽ നിൽക്കുമ്പോൾ ജഡേജയേയും 30 റൺസെത്തിയപ്പോൾ ധോണിയേയും ചെന്നൈക്ക് നഷ്ടമായി. ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ പരാജയം മണത്ത ടീമിനെ പിന്നീട് കരകയറ്റിയത് മത്സരത്തിന്റെ അവസാനം വരെ നിന്ന സാം കരനാണ്.

മത്സരത്തിൽ ട്രെന്റ് ബോൾട്ട് 4 ഓവറിൽ 18 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ സ്വന്തമാക്കി. ചെന്നൈ ഉയർത്തിയ 115 റൺസെന്ന വിജയലക്ഷ്യം അനായാസമായാണ് മുംബൈ മറികടന്നത്. മുംബൈക്കായി ഇഷാന്‍ കിഷന്‍ (37 പന്തില്‍ 68), ക്വിന്‍റണ്‍ ഡി കോകോക്ക് (37 പന്തിൽ46) റൺസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :