വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (12:33 IST)
ദുബായ്: വിജയം അനിവാര്യമായ സമയത്ത് സൺറൈസേഴ്സ് ഹൈദെരാബാദിനോട് വലിയ തോൽവി ഏറ്റുവാങ്ങിയിരിയ്ക്കുകയാണ് രാജസ്ഥാൻ റോയൽസ്. പരാജാത്തോടെ പോയന്റ് പട്ടികയിൽ ഏഴാംസ്ഥാനത്തേയ്ക്ക് രാജസ്ഥാൻ പിന്തള്ളപ്പെട്ടു. ഇത് രാജസ്ഥന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. കളിയിൽ മികച്ച തുടക്കം ലഭീച്ചുവെങ്കിലും അത് പ്രയോജനപ്പെടുത്താൻ രാജസ്ഥാനായില്ല. ചെറിയ പിഴവുകളാണ് ടീമിനെ പരാജയത്തിലേയ്ക്ക് നയീച്ചത് എന്ന് നായകൻ സ്മിത്ത് പറയുന്നു.
'ഞങ്ങള്‍ക്ക് മികച്ച തുടക്കം തന്നെ ലഭിച്ചു. രണ്ട് വിക്കറ്റുകളാണ് തുടക്കത്തിൽ തന്നെ ജോഫ്ര നേടിയത്. എന്നാല്‍ അത് മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്ക് സാധിച്ചില്ല. അർച്ചർക്ക് ഒരു ഓവർ കൂടി നൽകണം എന്നായിരുന്നു എന്റെ മനസിൽ. എന്നാൽ ചർച്ചയ്ക്കൊടുവിൽ തുടർച്ചയായി മൂന്നാം ഓവർ ജോഫ്രയ്ക്ക് നൽകേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു.' സ്മിത്ത് പറഞ്ഞു. ആര്‍ച്ചറുടെ രണ്ട് ഓവറുകള്‍ ഡെത്ത് ഓവറിലേക്ക് നീക്കിവെക്കാനുള്ള തീരുമാനം രാജസ്ഥാന് തിരിച്ചടിയായി എന്നുപറയാം. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മനീഷ് പാണ്ഡെയും വിജയ് ശങ്കറും തമ്മിലുള്ള കൂട്ടുകെട്ട് പൊളിയ്ക്കാൻ രാജസ്ഥാനായില്ല.
മനീഷ് പാണ്ഡെ 47 പന്തില്‍ 83 റൺസ് നേടി പുറത്താകാതെ നിന്നു. 51 പന്തില്‍ 52 റൺസ് നേടി പുറത്താകാതെ വിജയ് ശങ്കർ മനീഷ് പാണ്ഡെയ്ക്ക് മികച്ച പിന്തുണ നൽകി. സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍ എന്നീ തരങ്ങൾക് ഫോം കണ്ടെത്താനാവാത്തത് രാജസ്ഥാന് തിരിച്ചടിയാണ്. ഇനി നാലു മത്സരങ്ങളാണ് രാജസ്ഥാന് മുന്നിലുള്ളത്. ഈ നാലു മത്സരങ്ങളിലും ജയം സ്വന്തമാക്കുകയും മറ്റുള്ള ടീമുകളുടെ പ്രകടനം അനുകൂലമാവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫ് പ്രതീക്ഷ നിലനിർത്താനാകു.