Who is Vaibhav Suryavanshi: ട്രയല്‍സില്‍ ഒരോവറില്‍ അടിച്ചത് മൂന്ന് സിക്‌സുകള്‍; ചില്ലറക്കാരനല്ല രാജസ്ഥാന്‍ വിളിച്ചെടുത്ത ഈ പതിമൂന്നുകാരന്‍ !

വെറും എട്ട് വയസ് മാത്രമുള്ളപ്പോള്‍ അണ്ടര്‍ 16 ജില്ലാതല ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിട്ടുണ്ട്

Vaibhav Suryavanshi
രേണുക വേണു| Last Modified ചൊവ്വ, 26 നവം‌ബര്‍ 2024 (09:14 IST)
Vaibhav Suryavanshi

Who is Vaibhav Suryavanshi: ഐപിഎല്‍ താരലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ ആയിരിക്കുകയാണ് 13 വയസുള്ള വൈഭവ് സൂര്യവന്‍ഷി. 1.10 കോടിക്കാണ് മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സൂര്യവന്‍ഷിയെ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി തുടങ്ങി ഒട്ടേറെ റെക്കോര്‍ഡുകളാണ് സൂര്യവന്‍ഷി സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ബിഹാറിലെ മോത്തിപ്പൂര്‍ ഗ്രാമത്തിലാണ് വൈഭവിന്റെ വീട്. കൃഷിക്കാരനായ സഞ്ജിവ് സൂര്യവന്‍ഷിയാണ് വൈഭവിന്റെ ക്രിക്കറ്റ് പ്രേമത്തിനു തുടക്കം മുതല്‍ പിന്തുണ നല്‍കുന്നത്. മകന്‍ ഒട്ടേറെ കഷ്ടപ്പെട്ടിട്ടാണ് ഇന്നുകാണുന്ന നിലയിലേക്ക് എത്തിയതെന്ന് സഞ്ജിവ് സൂര്യവന്‍ഷി പറയുന്നു.

വെറും എട്ട് വയസ് മാത്രമുള്ളപ്പോള്‍ അണ്ടര്‍ 16 ജില്ലാതല ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിട്ടുണ്ട്. സമസ്തിപൂര്‍ നഗരത്തിലാണ് വൈഭവ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തന്റെ കൃഷിഭൂമി പോലും വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അപ്പോഴും മകന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യത്തിനൊപ്പം നില്‍ക്കുകയായിരുന്നെന്നും സഞ്ജിവ് സൂര്യവന്‍ഷി പറയുന്നു.

2011 മാര്‍ച്ച് 27 നാണ് വൈഭവിന്റെ ജനനം. ഈ വര്‍ഷം ജനുവരിയില്‍ തന്റെ പന്ത്രണ്ടാം വയസില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 100 റണ്‍സ് നേടിയിട്ടുണ്ട്. 41 ആണ് ഉയര്‍ന്ന സ്‌കോര്‍. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ വൈഭവ് കളിച്ചിട്ടുണ്ട്. 62 പന്തില്‍ 104 റണ്‍സ് അടിച്ച വൈഭവ് അന്നുമുതല്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

നാഗ്പൂരില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ വൈഭവ് പങ്കെടുത്തിരുന്നു. ഓരോവറില്‍ 17 റണ്‍സ് അടിച്ചുകാണിക്കാനാണ് ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ വൈഭവിനോടു ആവശ്യപ്പെട്ടത്. ഓരോവറില്‍ മൂന്ന് സിക്‌സറുകള്‍ അടിച്ചാണ് താന്‍ 'ചില്ലറക്കാരനല്ല' എന്ന് രാജസ്ഥാന്‍ ക്യാംപിനെ വൈഭവ് ബോധ്യപ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ ആകെ എട്ട് സിക്‌സുകളും നാല് ഫോറുകളും താരം നേടിയെന്നും വൈഭവിന്റെ അച്ഛന്‍ വെളിപ്പെടുത്തി. ഈ പ്രകടനമാണ് ഇപ്പോള്‍ 1.10 കോടി രൂപയുടെ മൂല്യമുള്ള താരമായി വൈഭവിനെ മാറ്റിയത്.

30 ലക്ഷം രൂപയായിരുന്നു ഐപിഎല്‍ താരലേലത്തില്‍ വൈഭവിന്റെ അടിസ്ഥാന വില. ഇടംകൈയന്‍ ബാറ്ററാണ് താരം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും വൈഭവിനെ സ്വന്തമാക്കാന്‍ താരലേലത്തില്‍ ശ്രമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :