'ധോണിയുടെ ടീം ഇങ്ങനെ തോല്‍ക്കുന്നത് മുന്‍പ് കണ്ടിട്ടേയില്ല'; ജഡേജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

രേണുക വേണു| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (14:28 IST)

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്കു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍. പുതിയ ക്യാപ്റ്റനെ സംബന്ധിച്ചിടുത്തോളം വിജയസാധ്യതയുള്ള കളികളെങ്കിലും ജയിക്കണമെന്നും ജഡേജയില്‍ നിന്ന് അത് പോലും കാണാനില്ലെന്നും വോണ്‍ പരോക്ഷമായി കുറ്റപ്പെടുത്തി. ധോണി നായകനായിരുന്നപ്പോള്‍ ജയസാധ്യത ഉണ്ടായിരുന്ന ഇത്രയധികം മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരിക്കലും തോറ്റിട്ടില്ലെന്നും വോണ്‍ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ക്ബസിനോടു പ്രതികരിച്ചു.

"പുതിയ ക്യാപ്റ്റനെസംബന്ധിച്ചടുത്തോളം ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മത്സരങ്ങള്‍ ജയിക്കുക എന്നതു നിര്‍ണായകമാണ്. പക്ഷേ, സത്യം പറഞ്ഞാല്‍ ഗുജറാത്തിനെതിരായ മത്സരം കടുത്തതു പോലും ആയിരുന്നില്ല. കുറഞ്ഞത് പത്തോ പതിനഞ്ചോ റണ്‍സിന് എങ്കിലും ചെന്നൈ അനായാസം ജയിക്കേണ്ട മത്സരമായിരുന്നു അത്. ഇനി എന്താണു സംഭവിക്കുക എന്ന് എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. ഇത്തരത്തിലുള്ള ഒട്ടേറെ മത്സരങ്ങള്‍ എം.എസ്. ധോണി തോല്‍ക്കുന്ന് ഇതിനു മുന്‍പു കണ്ടിട്ടില്ല. ധോണിയുടെ ടീം കടുത്ത മത്സരങ്ങള്‍ തോല്‍ക്കുന്നതും ഇതിനു മുന്‍പു കണ്ടിട്ടില്ല. മത്സരം കടുത്തത് ആകാന്‍ പോലും സമ്മതിക്കാത്ത തരത്തിലാണു ധോണിയുടെ ക്യാപ്റ്റന്‍സി," വോണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :