അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (19:16 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കികൊണ്ടാണ് വെസ്റ്റിന്‍ഡീസ് യുവപേസര്‍ ഷമര്‍ ജോസഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചത്. ഗാബ ടെസ്റ്റില്‍ ഓസീസിനെ മുട്ടുകുത്തിച്ചത് യുവപേസറുടെ തീയുണ്ടകളായിരുന്നു. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഐപിഎല്ലിലെ ഷമര്‍ ജോസഫിന്റെ അരങ്ങേറ്റ മത്സരത്തിനായി കാത്തിരുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ലഖ്‌നൗവിനായി അരങ്ങേറികൊണ്ടുള്ള ആദ്യമത്സരത്തിലെ ആദ്യ ഓവറില്‍ താരം വിട്ടുകൊടുത്തത് 22 റണ്‍സാണ്. നോബോളുകളും വൈഡുകളും തുടരെ വന്നപ്പോള്‍ ആദ്യ ഓവറില്‍ 10 പന്തുകള്‍ എറിയേണ്ടി വന്നു എന്ന നാണക്കേടും ഷമര്‍ ജോസഫ് സ്വന്തമാക്കി.
ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷമര്‍ ജോസഫിന് ഐപിഎല്ലിലേക്ക് വാതില്‍ തുറന്നത്. ഓസ്‌ട്രേലിയക്കെതിരെ ഷമര്‍ ജോസഫ് നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്ത സമയമായിരുന്നു അത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ തന്നെ എറിയാന്‍ ഷമര്‍ ജോസഫിന് അതിനാല്‍ അവസരവും ലഭിച്ചു. ആദ്യ പന്ത് ഡോട്ടാക്കികൊണ്ട് ഷമര്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ തുടര്‍ന്നുള്ള പന്തുകള്‍ ഷമര്‍ ജോസഫ് മറക്കാന്‍ ആഗ്രഹിക്കുന്നതാകും.
രണ്ടാം പന്തില്‍ ലെഗ് ബൈയിലൂടെ റണ്‍സ് നല്‍കി.മൂന്നാം പന്തില്‍ സുനില്‍ നരെയ്ന്‍ ഫോറും നാലാം പന്തില്‍ രണ്ട് റണ്‍സും നേടി. അഞ്ചാം പന്ത് ബൈയ്യിലൂടെ ഒരു റണ്‍സ്. ആറാം പന്തില്‍ നോബോള്‍. വീണ്ടുമെറിഞ്ഞ പന്തും അതിന് തൊട്ടടുത്ത പന്തും വൈഡ്. രണ്ടാമത്തെ വൈഡ് കീപ്പറുടെ പിന്നിലൂടെ ബൗണ്ടറിയിലേക്ക്. ഒരിക്കല്‍ കൂടി എറിയാനത്തിയത് നോബോളായി മാറി. ഒടുവില്‍ പണിപ്പെട്ട് ഓവര്‍ തീര്‍ക്കുമ്പോള്‍ ആദ്യ ഓവര്‍ ഷമര്‍ ജോസഫ് എറിഞ്ഞത് 10 പന്തുകള്‍ വിട്ടുകൊടുത്തതാകട്ടെ 22 റണ്‍സും.