അഭിറാം മനോഹർ|
Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (10:00 IST)
ഐപിഎല്‍ എല്ലാ സീസണിലും പുതിയ ക്രിക്കറ്റ് പ്രതിഭകളെ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കുന്ന ടൂര്‍ണമെന്റാണ്. ഈ സീസണില്‍ മായങ്ക് യാദവാണ് ഐപിഎല്ലിന്റെ പ്രധാന കണ്ടുപിടിത്തമെങ്കിലും വേറെയും പുതിയ താരങ്ങള്‍ ഐപിഎല്ലിലൂടെ ശ്രദ്ധ നേടുന്നത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റ് നേടിയ ലഖ്‌നൗവിന്റെ തമിഴ്‌നാട് ലെഫ്റ്റ് ആം സ്പിന്നറായ എം സിദ്ധാര്‍ഥാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
മത്സരത്തില്‍ കോലിയുടെ വിക്കറ്റ് നേടിയതിലല്ല തന്റെ കഴിവില്‍ സിദ്ധാര്‍ഥ് പുലര്‍ത്തിയ ആത്മവിശ്വാസമാണ് താരത്തെ ശ്രദ്ധേയമാക്കുന്നത്. സിദ്ധാര്‍ഥിന്റെ ആത്മവിശ്വാസത്തെ പറ്റി മത്സരശേഷം ലഖ്‌നൗ പരിശീലകനായ മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധാര്‍ഥിനെ അഭിനന്ദിച്ചുകൊണ്ട് ലാംഗര്‍ പറയുന്ന വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ.
ഞാന്‍ അവനോട് മുന്‍പ് സംസാരിച്ചിട്ടില്ല. നെറ്റ്‌സില്‍ അവന്‍ ആം ബോള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനതില്‍ ഇമ്പ്രെസ്സ്ഡായി. സിദ്ധാര്‍ഥിനെ പിന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് കോലിയെ ടീമിന് വേണ്ടി പുറത്താക്കാന്‍ സാധിക്കുമോ എന്നാണ്. മടിച്ചുനില്‍ക്കാതെ യെസ് സാര്‍ എന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കു. അവന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്‍എസ്ജി ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ക്ക് മുന്നില്‍ നടത്തിയ സംസാരത്തില്‍ ലാംഗര്‍ പറഞ്ഞു.