രേണുക വേണു|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (11:08 IST)
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ആരാധകര്‍. സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്. യുസ്വേന്ദ്ര ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പന്തെറിയാന്‍ വരുമ്പോള്‍ സഞ്ജു കൂടുതല്‍ കൗശലമുള്ള നായകനാകുന്നു. സ്പിന്നര്‍മാരുടെ ഓവറുകളില്‍ കളിയുടെ ഗതി തന്നെ മാറ്റാന്‍ രാജസ്ഥാന്‍ നായകന് സാധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
സ്പിന്നര്‍മാര്‍ എറിയുമ്പോള്‍ വിക്കറ്റിനു പിന്നില്‍ നിന്ന് എല്ലാ നിര്‍ദേശങ്ങളും നല്‍കുന്നത് സഞ്ജുവാണ്. മറ്റൊരു ധോണിയെ സഞ്ജുവില്‍ കാണുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ 17-ാം ഓവറാണ് കളിയുടെ ഗതി മാറ്റിയത്. ചഹലിനെ അവസാനത്തേക്ക് നീക്കിവയ്ക്കുകയായിരുന്നു രാജസ്ഥാന്‍ നായകന്‍. ഡെത്ത് ഓവറുകളിലേക്ക് സ്പിന്നിനെ മാറ്റിവയ്ക്കുന്ന നായകന്‍മാര്‍ ഐപിഎല്ലില്‍ വിരളമാണ്. അവിടെയാണ് ചഹലിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത് സഞ്ജുവിന്റെ പരീക്ഷണം. അത് വിജയം കാണുകയും ചെയ്തു. ആ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്.
വിരാട് കോലി പോലും ചഹലിനെ ഇത്ര നന്നായി ഉപയോഗിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ചഹലിനെ എങ്ങനെ ഉപയോഗിക്കണമെന്ന് സഞ്ജുവിന് കൃത്യമായി അറിയാം. ഏത് ലൈനിലും ലെങ്തിലും പന്തെറിയണമെന്ന് ചഹലിന് ഓരോ ബോള്‍ കഴിയുമ്പോഴും വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു നിര്‍ദേശം നല്‍കുന്നത് കാണാന്‍ സാധിക്കും.