അംപയര്‍ വൈഡ് വിളിച്ചു, സഞ്ജുവിന് പിടിച്ചില്ല; ഡിആര്‍എസ് ആവശ്യപ്പെട്ട് രാജസ്ഥാന്‍ നായകന്‍ (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 3 മെയ് 2022 (09:20 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തോറ്റതോടെ ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനോടും രാജസ്ഥാന്‍ തോറ്റിരുന്നു. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്.

കൊല്‍ക്കത്ത vs രാജസ്ഥാന്‍ മത്സരം ഏറെ നാടകീയ നിമിഷങ്ങള്‍ക്കും സാക്ഷ്യംവഹിച്ചു. 19-ാം ഓവറില്‍ അംപയറുടെ തീരുമാനത്തിനെതിരെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പ്രതിഷേധിച്ച രീതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
19-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണയാണ് പന്തെറിഞ്ഞത്. കൊല്‍ക്കത്തയുടെ ബാറ്റര്‍ റിങ്കു സിങ് ആയിരുന്നു ക്രീസില്‍. നാലാം പന്ത് അംപയര്‍ വൈഡ് വിളിച്ചു. സഞ്ജു സാംസണ് ഇത് പിടിച്ചില്ല. അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധമെന്നോണം സഞ്ജു ഡിആര്‍എസ് ആവശ്യപ്പെട്ടു. അത് വൈഡ് അല്ലല്ലോ എന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം. എന്നാല്‍ അംപയര്‍ നിതിന്‍ പണ്ഡിറ്റ് വൈഡ് തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍ സഞ്ജുവിന്റെ ആവശ്യപ്രകാരം ഡിആര്‍എസ് പരിശോധന നടത്തി. അത് വൈഡ് തന്നെ ! രാജസ്ഥാന്റെ ഒരു ഡിആര്‍എസ് നഷ്ടമാകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :