സഞ്ജു ഒരു സാധാരണ കളിക്കാരനാണോ? ഇങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനാണ് !

രേണുക വേണു| Last Modified തിങ്കള്‍, 16 മെയ് 2022 (20:43 IST)

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ബിസിസിഐയും ഇന്ത്യന്‍ സെലക്ടര്‍മാരും താരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനാണെന്ന് ആരാധകര്‍. സ്ഥിരതയില്ലെന്നു പറഞ്ഞ് സഞ്ജുവിനെ അവഗണിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നാണ് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലെ താരത്തിന്റെ പ്രകടനവും കണക്കുകളും ചൂണ്ടിക്കാട്ടിയാണ് മറ്റ് പല ഇന്ത്യന്‍ താരങ്ങളേക്കാളും സഞ്ജു കേമനാണെന്ന് ആരാധകര്‍ സമര്‍ത്ഥിക്കുന്നത്.

ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 30 നോട് അടുത്ത ശരാശരിയില്‍ 359 റണ്‍സാണ് ഇതുവരെ സഞ്ജു അടിച്ചുകൂട്ടിയത്. രാജസ്ഥാന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. സ്‌ട്രൈക് റേറ്റ് 153.46 ആണ് !

2020 മുതല്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് സഞ്ജു. 39 ഇന്നിങ്‌സുകളില്‍ നിന്ന് 37.47 ശരാശരിയില്‍ 10 അര്‍ധ സെഞ്ചുറികളുമായി 1274 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. റണ്‍മെഷീന്‍ വിരാട് കോലി അടക്കം സഞ്ജുവിന് പിന്നിലാണ്. ഓപ്പണറല്ലാതെ ഐപിഎല്ലില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം (39 ഇന്നിങ്‌സുകളില്‍ 1180 റണ്‍സ്), മധ്യ ഓവറുകളില്‍ ഏറ്റവും അധികം റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യന്‍ താരം (31 ഇന്നിങ്‌സുകളില്‍ 815 റണ്‍സ്) എന്നീ നേട്ടങ്ങളെല്ലാം സഞ്ജുവിന്റെ പേരിലാണ്.

ഐപിഎല്ലില്‍ ഇത്രയൊക്കെ നേട്ടങ്ങള്‍ കൊയ്തിട്ടും സഞ്ജുവിനെ സെലക്ടര്‍മാര്‍ ദേശീയ ടീമിലേക്ക് സ്ഥിരപ്പെടുത്താത്തത് കടുത്ത അവഗണനയാണെന്നും സഞ്ജുവിന്റെ പ്രതിഭ മനസ്സിലാക്കി അത് ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. വരുന്ന ട്വന്റി 20 ലോകകപ്പില്‍ തീര്‍ച്ചയായും സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :