1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson angry to umpires

'നിങ്ങള്‍ക്ക് കണ്ണില്ലേ'; നിയന്ത്രണം വിട്ട് സഞ്ജു, ഇങ്ങനെ കാണുന്നത് ആദ്യമായി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ

Sanju Samson
Sanju Samson

ഗ്രൗണ്ടില്‍ വളരെ കൂളായി കാണപ്പെടുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. എന്നാല്‍ ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പുറത്തായപ്പോള്‍ സഞ്ജു ഓണ്‍ഫീല്‍ഡ് അംപയറോട് കയര്‍ത്തതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. സഞ്ജുവിനെ അപൂര്‍വ്വമായി മാത്രമേ ഇത്ര പ്രകോപിതനായി കാണാറുള്ളൂവെന്നാണ് ആരാധകരുടെ പ്രതികരണം. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 20 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. വെറും 46 പന്തില്‍ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായതാണ്. അപ്പോഴാണ് സഞ്ജുവിന്റെ വിവാദ പുറത്താകല്‍. മുകേഷ് കുമാര്‍ എറിഞ്ഞ 16-ാം ഓവറിന്റെ നാലാം പന്തില്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. ലോങ് ഓണില്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ നിന്നാണ് ഹോപ്പ് ക്യാച്ചെടുത്തത്. അതേസമയം ബൗണ്ടറി റോപ്പില്‍ ഹോപ്പിന്റെ കാല്‍ തട്ടിയതായി സംശയം തോന്നിയപ്പോള്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടി.
 
നിമിഷ നേരം കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിച്ച് തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു. ഇത് സഞ്ജുവിനേയും രാജസ്ഥാന്‍ ആരാധകരേയും ചൊടിപ്പിച്ചു. ഹോപ്പ് ക്യാച്ചെടുത്ത ശേഷം കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത്രയും സംശയമുണ്ടായിട്ടും തേര്‍ഡ് അംപയര്‍ വിവിധ ആംഗിളുകള്‍ പരിശോധിക്കാതെ ഔട്ട് അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ആരാധകരുടെ ആരോപണം. കേവലം ഒരു വൈഡ് ചെക്കിന് പോലും മൂന്ന് മിനിറ്റിലേറെ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന തേര്‍ഡ് അംപയര്‍ ഇത്രയും നിര്‍ണായകമായ വിക്കറ്റ് പരിശോധിക്കാന്‍ അലസത കാണിച്ചത് മനപ്പൂര്‍വ്വമാണെന്നും സഞ്ജുവിനോടുള്ള താല്‍പര്യക്കുറവ് അതില്‍ നിന്ന് പ്രകടമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 
 
തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചിട്ടും നിരാശനായ സഞ്ജു ഗ്രൗണ്ട് വിട്ടില്ല. ഓണ്‍ ഫീല്‍ഡ് അംപയര്‍മാരോട് സഞ്ജു തട്ടിക്കയറി. അത് ഔട്ടല്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുമല്ലോ എന്നാണ് സഞ്ജു ഓണ്‍ ഫീല്‍ഡ് അംപയറോട് ചോദിച്ചത്. അപൂര്‍വ്വമായി മാത്രമാണ് സഞ്ജു ഇത്തരത്തില്‍ അംപയര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യാറുള്ളത്. ഒരു കാര്യവുമില്ലാതെ സഞ്ജു ഇത്രത്തോളം പ്രകോപിതനാകില്ലെന്നാണ് ആരാധകര്‍ ന്യായീകരിക്കുന്നത്. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ