ആര്‍സിബി ഇത്തവണ എന്തായാലും ഫൈനലിലെത്തുമെന്ന് ആരാധകര്‍; കാരണം പച്ച ജഴ്‌സി !

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (08:30 IST)

പച്ച ജഴ്‌സിയിലെ ജയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ നടന്ന മത്സരത്തില്‍ പച്ച ജഴ്‌സിയണിഞ്ഞാണ് ആര്‍സിബി കളിച്ചത്. മത്സരത്തില്‍ 67 റണ്‍സിന്റെ കൂറ്റന്‍ ജയം ആര്‍സിബി സ്വന്തമാക്കുകയും ചെയ്തു.

പച്ച ജഴ്‌സിയും ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഇതുവരെ 11 സീസണുകളില്‍ ബാംഗ്ലൂര്‍ പച്ച ജഴ്‌സിയണിഞ്ഞ് കളിച്ചിട്ടുണ്ട്. പച്ച ജഴ്‌സിയില്‍ ജയിച്ചത് പക്ഷേ മൂന്ന് കളികളില്‍ മാത്രം. ഈ സീസണില്‍ ജയിച്ചത് അടക്കമാണ് ഇത്. നേരത്തെ രണ്ട് സീസണുകളിലും പച്ച ജഴ്‌സിയില്‍ ജയിച്ചപ്പോള്‍ ആ സീസണുകളിലെ ഫൈനലില്‍ ആര്‍സിബി കളിച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ തോറ്റു.

2011 ലാണ് ആര്‍സിബി ആദ്യമായി പച്ച ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്. ആ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിനെ 9 വിക്കറ്റിന് തകര്‍ത്തു. ഈ സീസണിലെ ഫൈനലില്‍ ബാംഗ്ലൂര്‍ കളിക്കുകയും ചെയ്തു. പക്ഷേ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റു.

പിന്നീട് 2016 ലാണ് പച്ച ജഴ്‌സിയില്‍ ജയിക്കുന്നത്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരം. വിരാട് കോലിയും എ.ബി.ഡിവില്ലിയേഴ്‌സും സെഞ്ചുറി നേടി. ബാംഗ്ലൂര്‍ ജയിച്ചത് 144 റണ്‍സിന്. ഈ സീസണിലും ബാംഗ്ലൂര്‍ ഫൈനലില്‍ കയറി. പക്ഷേ കലാശപ്പോരാട്ടത്തില്‍ ഹൈദരബാദിനോട് എട്ട് റണ്‍സിന് തോറ്റു.

2016 ന് ശേഷം ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ പച്ച ജഴ്‌സിയില്‍ ആര്‍സിബി ഒരു കളി ജയിച്ചിരിക്കുന്നത്. ഇത്തവണയും തങ്ങളുടെ പ്രിയ ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :