രേണുക വേണു|
Last Modified ബുധന്‍, 1 ഡിസംബര്‍ 2021 (14:48 IST)
ഐപിഎല്‍ മഹാലേലത്തിനു മുന്‍പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്ന് വിവിധ ഫ്രാഞ്ചൈസികള്‍ തീരുമാനിച്ചു. ചില അപ്രതീക്ഷിത നിലനിര്‍ത്തലുകളും കൊഴിഞ്ഞുപോക്കുകളുമാണ് കായികലോകം കണ്ടത്. ഇതില്‍ എല്ലാവരേയും ഞെട്ടിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യരെ നിലനിര്‍ത്തിയതാണ്.
2021 ഐപിഎല്‍ സീസണില്‍ രണ്ടാം പാദത്തില്‍ മാത്രമാണ് വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചത്. കൊല്‍ക്കത്ത ഇത്തവണ ഫൈനലില്‍ എത്തിയതില്‍ വെങ്കടേഷ് അയ്യരുടെ ഓള്‍റൗണ്ടര്‍ മികവിന് വ്യക്തമായ പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് പല പ്രമുഖരേയും ഒഴിവാക്കി വെങ്കടേഷ് അയ്യരെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി തീരുമാനിച്ചത്.
20 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തിയ വെങ്കടേഷ് അയ്യരെ ഇത്തവണ മഹാലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത് എട്ട് കോടി രൂപയ്ക്കാണ്. 20 ലക്ഷത്തില്‍ നിന്ന് എട്ട് കോടിയിലേക്ക് !
ശുഭ്മാന്‍ ഗില്ലിനെ നിലനിര്‍ത്താനാണ് കൊല്‍ക്കത്ത ആദ്യം ആലോചിച്ചിരുന്നത്. കൊല്‍ക്കത്തയുടെ ഭാവി നായകന്‍ എന്ന് പോലും ഗില്ലിനെ പലരും വിശേഷിപ്പിച്ചു. എന്നാല്‍, വെങ്കടേഷ് അയ്യരുടെ വരവ് ഗില്ലിന് തിരിച്ചടിയായി. വെങ്കടേഷ് അയ്യര്‍ ഓപ്പണര്‍ ബാറ്റര്‍ കൂടിയായതിനാല്‍ ഗില്ലിന് കാര്യങ്ങള്‍ ദുഷ്‌കരമാകുകയായിരുന്നു.