അഭിറാം മനോഹർ|
Last Modified വെള്ളി, 26 ഏപ്രില്‍ 2024 (12:49 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും പവര്‍പ്ലേയ്ക്ക് ശേഷം ഒരൊറ്റ ബൗണ്ടറി പോലും നേടാന്‍ കഴിയാതെ 41 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ആര്‍സിബി താരം വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍.
പവര്‍ പ്ലേയില്‍ 16 പന്തില്‍ 200 സ്ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത കോലി പിന്നീട് നേരിട്ട 27 പന്തില്‍ നിന്നും നേടിയത് 19 റണ്‍സ് മാത്രമായിരുന്നു. ഒരു ബൗണ്ടറി പോലും നേടാതെയായിരുന്നു ഈ പ്രകടനം. ഇതാണ് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 61 റണ്‍സ് കടന്നിരുന്നുവെങ്കിലും 12 ഓവര്‍ പിന്നിടുമ്പോള്‍ 100 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 19 പന്തില്‍ അര്‍ധസെഞ്ചുറിയുമായി തകര്‍ത്തടിച്ച രജത് പാട്ടീധാറാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. ഹൈദരാബാദ് പോലെ ശക്തമായ ബാറ്റിംഗ് നിരയ്‌ക്കെതിരെ ആദ്യം ബാറ്റിംഗിനിറങ്ങിയിട്ടും കോലിയുടെ മെല്ലെപ്പോക്ക് കാരണം 206 റണ്‍സെടുക്കാനെ ആര്‍സിബിക്ക് സാധിച്ചുള്ളു. ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്തും ദുര്‍ബലമായ ആര്‍സിബി ബൗളിംഗും കണക്കിലെടുത്ത് 250ലേക്ക് കൊണ്ടുപോകാവുന്ന ടീം സ്‌കോറാണ് കോലിയുടെ മെല്ലെ പോക്ക് കാരണം ഇല്ലാതെയായത്. 11 മുതല്‍ 15 വരെയുള്ള ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ആര്‍സിബിക്ക് ആയിരുന്നില്ല. ഫിഫ്റ്റിക്ക് ശേഷം കോലി തകത്തടിക്കുമെന്ന് കരുതിയെങ്കിലും വിക്കറ്റ് നഷ്ടമായതോടെ ആ മോഹവും വൃഥാവിലായി. 43 പന്തുകളില്‍ നിന്നും 51 റണ്‍സാണ് കോലി നേടിയത്. മത്സരത്തില്‍ വിജയിക്കാനായെങ്കിലും ലോകകപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയാണ് കോലിയുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.