രേണുക വേണു|
Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (23:06 IST)
ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നേടിയ 138 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (18 പന്തില്‍ 29), വെങ്കടേഷ് അയ്യര്‍ (30 പന്തില്‍ 26) എന്നിവര്‍ നല്‍കിയ തുടക്കമാണ് കൊല്‍ക്കത്തയുടെ വിജയത്തിനു അടിത്തറ പാകിയത്. പിന്നീട് വന്ന നിതീഷ് റാണ (25 പന്തില്‍ 23), സുനില്‍ നരെയ്ന്‍ ( 15 പന്തില്‍ 26) എന്നിവരും കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സ് നേടിയത്. ടോസ് ലഭിച്ച ആര്‍സിബി നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോലിയും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് സമ്മാനിച്ചത്. എന്നാല്‍, ഈ തുടക്കം പ്രയോജനപ്പെടുത്തുന്നതില്‍ മധ്യനിര അമ്പേ പരാജയപ്പെട്ടു. വിരാട് കോലി (33 പന്തില്‍ 39), ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 21) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഈ സീസണില്‍ മികച്ച ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്വെല്ലിന് നേടാനായത് 18 പന്തില്‍ 15 റണ്‍സ് മാത്രം.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച കൊല്‍ക്കത്ത സ്പിന്നര്‍മാരാണ് കോലിപ്പടയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. കോലി, മാക്‌സ്വെല്‍, ശ്രികാര്‍ ഭരത്, ഡിവില്ലിയേഴ്‌സ് എന്നിങ്ങനെ ആര്‍സിബിയുടെ പ്രധാനപ്പെട്ട വിക്കറ്റുകളാണ് നരെയ്ന്‍ സ്വന്തമാക്കിയത്. ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ വിട്ടുകൊടുത്തത് 20 റണ്‍സ് മാത്രം.
നായകന്‍ എന്ന നിലയില്‍ ആര്‍സിബിക്കായി വിരാട് കോലിയുടെ അവസാന മത്സരമായിരുന്നു ഇത്. ഐപിഎല്‍ കിരീടമില്ലാതെയാണ് നായകന്‍ കോലിയുടെ പടിയിറക്കം. ഈ സീസണ് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.