രേണുക വേണു|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (11:48 IST)
ഐപിഎല്‍ 2026 സീസണില്‍ മോശം തുടക്കം നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്
മുന്നിലുള്ള പ്രധാന വെല്ലുവിളി ബാറ്റിംഗ് അല്ലെന്നും ബൗളിംഗ് വിഭാഗമാണെന്നും മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. ഐപിഎല്ലിലെ തുടര്‍ച്ചയായ 3 മത്സരങ്ങളും പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടീമിലെ പ്രശ്‌നത്തെ പറ്റി ഇര്‍ഫാന്‍ തുറന്നുപറഞ്ഞത്.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ ചെന്നൈ 250 റണ്‍സ് വഴങ്ങിയിരുന്നു. അവസാന 10 ഓവറുകളില്‍ നിന്നായിരുന്നു ആര്‍സിബി 150+ റണ്‍സ് സ്വന്തമാക്കിയത്. ഇത് ചെന്നൈയുടെ ബൗളിംഗ് ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും ബാറ്റിംഗ് നിരയില്‍ സഞ്ജു, റുതുരാജ് എന്നിവരുടെ പ്രകടനത്തേക്കാളും ചെന്നൈ പരാജയത്തിന് പ്രധാന കാരണം സ്പിന്നര്‍ നൂര്‍ അഹമ്മദാണെന്ന് പത്താന്‍ പറയുന്നു. കഴിഞ്ഞ മത്സരങ്ങളിലായി 10 ഓവര്‍ എറിഞ്ഞിട്ടും നൂറിലേറെ റണ്‍സ് നൂര്‍ അഹമ്മദ് വിട്ടുകൊടുത്തു. 100ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയിട്ടും ഒരു വിക്കറ്റ് പോലും നേടാന്‍ നൂറിനായിട്ടില്ല. നൂര്‍ അഹമ്മദിന്റെ ബൗളിങ്ങില്‍ സാങ്കേതികമായി പല പ്രശ്‌നങ്ങളുമുണ്ട്. റണ്ണപ്പ്, റിലീസ് പോയിന്റ് എന്നിവയില്‍ തിരുത്തല്‍ വരുത്തിയാല്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെടുമെന്നും പത്താന്‍ പറയുന്നു.
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ചെന്നൈയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്. ദുര്‍ബലമായ ബൗളിംഗ് നിരയ്‌ക്കൊപ്പം ടോപ്പ് ഓര്‍ഡറിന്റെ പരാജയമാണ് ചെന്നൈയെ വലയ്ക്കുന്നത്. നൂര്‍ അഹമ്മദ് തിരിച്ചുവരുന്നതിനൊപ്പം ടോപ്പ് ഓര്‍ഡറില്‍ സഞ്ജു, റുതുരാജ് എന്നിവര്‍ ടീമിന്റെ ഉത്തരവാദിത്തം വഹിച്ചെങ്കില്‍ മാത്രമെ വരും മത്സരങ്ങളില്‍ മെച്ചപ്പെടാന്‍ ചെന്നൈയ്ക്ക് സാധിക്കുകയുള്ളു.