IPL Play Offs 2025: ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിന്റെ എതിരാളികള്‍ ആര്? ഇന്നറിയാം
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പഞ്ചാബ് കിങ്‌സ് ആദ്യ രണ്ടില്‍ ഒരു സ്ഥാനം ഉറപ്പിച്ചു
Punjab Kings
IPL Play offs 2025: ഐപിഎല്‍ 2025 ലീഗ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. പ്ലേ ഓഫ് ഉറപ്പിച്ച നാല് ടീമുകള്‍ ഏതൊക്കെയെന്ന് നേരത്തെ വ്യക്തമായെങ്കിലും ആദ്യ രണ്ടില്‍ ആരെത്തും എന്നതില്‍ ഇപ്പോഴും പകുതി സസ്‌പെന്‍സ് തുടരുന്നു.
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പഞ്ചാബ് കിങ്‌സ് ആദ്യ രണ്ടില്‍ ഒരു സ്ഥാനം ഉറപ്പിച്ചു. 14 കളികളില്‍ ഒന്‍പത് ജയത്തോടെ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. ഇന്ന് നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തിന്റെ ഫലം അറിഞ്ഞാലേ ക്വാളിഫയര്‍ ഒന്നില്‍ ആരായിരിക്കും പഞ്ചാബിന്റെ എതിരാളികളെന്ന് വ്യക്തമാകൂ.
ഇന്ന് ആര്‍സിബി മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താം. പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക് താഴും. ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബ് vs ബെംഗളൂരു പോരാട്ടം നടക്കുകയും ചെയ്യും. അതേസമയം ലഖ്‌നൗവിനോടു ആര്‍സിബി തോറ്റാല്‍ ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആയിരിക്കും പഞ്ചാബിനു എതിരാളികള്‍. 14 കളികളില്‍ നിന്ന് 18 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാമതും 13 കളികലില്‍ നിന്ന് 17 പോയിന്റുമായി ആര്‍സിബി മൂന്നാമതുമാണ്.
നാലാം സ്ഥാനത്തുള്ള മുംബൈ എലിമിനേറ്റര്‍ കളിക്കേണ്ടിവരുമെന്ന് ഉറപ്പായി. ഗുജറാത്തോ ബെംഗളൂരുവോ ആയിരിക്കും എലിമിനേറ്ററില്‍ മുംബൈയുടെ എതിരാളികള്‍.