ദിനേശ് കാര്‍ത്തിക് വരാന്‍ വേണ്ടി ഔട്ടാകാനും ഞാന്‍ തയ്യാറായിരുന്നു, റിട്ടയേര്‍ഡ് ഔട്ട് ആകുന്ന കാര്യവും ആലോചിച്ചു: ഫാഫ് ഡു പ്ലെസിസ്

രേണുക വേണു| Last Modified തിങ്കള്‍, 9 മെയ് 2022 (12:02 IST)

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ റിട്ടയേര്‍ഡ് ഔട്ട് ആകുന്ന കാര്യം താന്‍ ആലോചിച്ചെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് ബാംഗ്ലൂര്‍ ഹൈദരബാദിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ ഹൈദരബാദിന്റെ ഇന്നിങ്‌സ് 19.2 ഓവറില്‍ 125 ന് തീര്‍ന്നു. ബാംഗ്ലൂരിന് വേണ്ടി ഫാഫ് ഡു പ്ലെസിസ് (50 പന്തില്‍ പുറത്താകാതെ 73), രജത് പട്ടീദാര്‍ (38 പന്തില്‍ 48), ഗ്ലെന്‍ മാക്‌സ്വെല്‍ (24 പന്തില്‍ 33) എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും വെറും എട്ട് പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കാണ് അവസാന ഓവറുകളില്‍ റണ്‍റേറ്റ് വലിയ രീതിയില്‍ ഉയര്‍ത്തിയത്.

19-ാം ഓവറിലെ രണ്ട് പന്ത് കഴിഞ്ഞപ്പോഴാണ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. അതിനു മുന്‍പ് തന്നെ കാര്‍ത്തിക്കിനെ ക്രീസിലെത്തിക്കാന്‍ താന്‍ സ്വയം ഔട്ടായാലോ എന്ന് പോലും ആലോചിച്ചിരുന്നെന്ന് ഫാഫ് ഡു പ്ലെസിസ് പറയുന്നു.

' ദിനേശ് കാര്‍ത്തിക് ഈ രീതിയില്‍ സിക്‌സറുകള്‍ അടിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വേഗം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിപ്പിക്കേണ്ടതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കണം. അദ്ദേഹത്തിന് കൃത്യമായ പ്ലാനുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഔട്ടാകാന്‍ നോക്കുകയായിരുന്നു. കാരണം ഞാന്‍ ക്ഷീണിതനായിരുന്നു, മാത്രമല്ല, ഡികെ വരുകയും വേണം. ഞാന്‍ റിട്ടയറിങ് ഔട്ട് ആകുന്നതിനെ കുറിച്ച് പോലും സ്വയം ആലോചിച്ചു. അപ്പോഴാണ് മാക്‌സ്വെല്ലിന്റെ വിക്കറ്റ് പോയത്. ഡികെ അത്രയും മികച്ച ഫോമിലാണ്.' ഡു പ്ലെസിസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :