അഭിറാം മനോഹർ|
Last Modified ഞായര്‍, 8 മെയ് 2022 (16:42 IST)
ഐപിഎല്ലിൽ ആരാധകരെ ഒരിക്കൽ കൂടി നിരാശപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് മുൻ നായകൻ വിരാട് കോലി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിലാണ് കോലി പുറത്തായത്. സീസണിലെ നാലാം മത്സരത്തിലും ഗോൾഡൻ ഡക്കായത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോലി ആരാധകർ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ജെ സുചിത്തായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവര്‍ എറിയാനെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഷോർട്ട് മിഡ് വിക്കറ്റിൽ കോലി ഹൈദരാബാദ് നായകൻ കെയ്‌ൻ വില്യംസണിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. തീർത്തും നിരുപദ്രവകരമായ പന്തിൽ പോലും താരം വിക്കറ്റ് കളഞ്ഞത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ആരാധകർ.
സീസണിൽ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണായിരുന്നു അന്ന് കോലിയെ ആദ്യ പന്തില്‍ പുറത്താക്കിയത്. ഈ സീസണിന് മുൻപ്
ഐപിഎൽ കരിയറിൽ ആകെ മൂന്ന് തവണയാണ് കോലി ഗോൾഡൻ ഡക്കായിരുന്നതെങ്കിൽ ഇത്തവണ മാത്രം 4 തവണ ഗോൾഡൻ ഡക്കായതിൽ ആരാധകർ തീർത്തും നിരാശരാരാണ്.
ഹൈദരാബാദിനെതരെ രണ്ട് തവണയും മുംബൈക്കും ലഖ്നോവിനുമെതിരെ ഓരോ തവണയുമാണ് കോലി ഇത്തവണ നേരിട്ട ആദ്യ പന്തില്‍ പുറത്തായത്. ഈ സീസണിലെ 12 മത്സരങ്ങളിൽ നിന്നും 19 ശരാശരിയിൽ 216 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.