രേണുക വേണു|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (17:03 IST)
David Miller: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു റൺസിനു തോറ്റതിനു പിന്നാലെ കടുത്ത നിരാശയിൽ ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് മില്ലർ. ഡ്രസിങ് റൂമിൽ വലിയ വേദനയോടെ ഒറ്റയ്ക്കു ഇരിക്കുന്ന മില്ലറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെയും ഉള്ളുലയ്ക്കുകയാണ്.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനു എട്ട് വിക്കറ്റിനു 209 റൺസ് വരെ എത്തി.
അവസാന ഓവറിൽ 13 റൺസായിരുന്നു ഡൽഹിക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തുകൾ കഴിഞ്ഞപ്പോൾ 11 റൺസെടുക്കാൻ ഡൽഹിക്കു കഴിഞ്ഞു. അവസാന പന്തിൽ രണ്ട് റൺസ് മതിയായിരുന്നു ഡൽഹിക്ക്. എന്നാൽ ഈ പന്തിൽ റൺസിനായി ശ്രമിച്ച് കുൽദീപ് യാദവ് റൺഔട്ട് ആയി. അഞ്ചാം പന്തിൽ ഡേവിഡ് മില്ലർ സിംഗിൾ നിഷേധിച്ചത് ഡൽഹിക്ക് തിരിച്ചടിയായി.
അഞ്ചാം പന്തിൽ സിംഗിൾ അവസരം മില്ലർ ഉപയോഗിച്ചിരുന്നെങ്കിൽ കളി സമനിലയാകുമായിരുന്നു. അവസാന പന്തിൽ രണ്ട് റൺസ് എടുക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷയിലാണ് മില്ലർ ആ സിംഗിൾ നിഷേധിച്ചത്. ഇത് ടീമിന്റെ തോൽവിക്കും കാരണമായി. 20 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം മില്ലർ പുറത്താകാതെ 41 റൺസ് നേടിയിരുന്നു.
മികച്ച പ്രകടനം നടത്തിയിട്ടും ടീമിന്റെ തോൽവിക്കു കാരണമായല്ലോ എന്ന മനോവിഷമമാണ് മില്ലറെ മാനസികമായി തകർത്തത്. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ മില്ലർ സങ്കടത്തോടെ ഇരിക്കുന്നതും കരച്ചിൽ അടക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരശേഷം ഡൽഹി ക്യാപിറ്റൽസാണ് സമൂഹമാധ്യമത്തിൽ മില്ലറുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.