അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (15:52 IST)
ഇന്ത്യന്‍ ദേശീയ ടീമിലെ പ്രധാനതാരങ്ങളില്‍ ഒരാളാണെങ്കിലും ഐപിഎല്ലില്‍ കാര്യമായ പ്രകടനങ്ങള്‍ എടുത്തുപറയാനില്ലാത്ത താരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ വാഷിങ്ങ്ടണ്‍ സുന്ദര്‍. 2017ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച സുന്ദര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ ഭാഗമായി നിരവധി മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും ഐപിഎല്ലില്‍ ഇതുവരെയും ഒരു അര്‍ധസെഞ്ചുറി നേടിയിരുന്നില്ല. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഈ നാണക്കേട് ഇല്ലാതാക്കിയിരിക്കുകയാണ് താരം.
ഐപിഎല്ലില്‍ അരങ്ങേറി 3273 ദിവസങ്ങള്‍ക്ക് ശേഷമാണ് സുന്ദറിന്റെ ആദ്യ അര്‍ധസെഞ്ചുറി. ഡല്‍ഹിക്കെതിരെ 32 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 55 റണ്‍സാണ് സുന്ദര്‍ നേടിയത്. ഗുജറാത്തിനായി നാലാമനായി ക്രീസിലെത്തിയ താരം നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മൂന്നാം വിക്കറ്റില്‍ 104 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ടിലും പങ്കാളിയായി. 2017ല്‍ പുനെ സൂപ്പര്‍ ജയന്‍്‌സിനായാണ് താരം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. 2025ല്‍ എസ്ആര്‍എച്ചിനെതിരെ നേടിയ 49 റണ്‍സായിരുന്നു താരത്തിന്റെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യയ്ക്കായി 60 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സുന്ദര്‍ 25 ഇന്നിങ്ങ്‌സുകളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറിയാണ് നേടിയിട്ടുള്ളത്. 2023ല്‍ ന്യൂസിലന്‍ഡിനെതിരെ 28 പന്തില്‍ നിന്നായിരുന്നു സുന്ദറിന്റെ അര്‍ധസെഞ്ചുറി. കഴിഞ്ഞ ലോകകപ്പ് ടീമിലും സുന്ദര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.