പടയപ്പയായി ഉത്തപ്പ, ക്ലാസിക് ഗെയ്ക്വാദ്, ക്ലൈമാക്‌സില്‍ തലയാട്ടം; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍

രേണുക വേണു| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (23:22 IST)

അവസാന ഓവര്‍ വരെ ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ച് ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍. ശക്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അത് മറികടന്നു.

50 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 70 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പ 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 63 റണ്‍സ് നേടി. ഉത്തപ്പയുടെ അതിവേഗ ഇന്നിങ്‌സാണ് ചെന്നൈയുടെ വിജയത്തിനു അടിത്തറയിട്ടത്. അവസാന ഓവറുകളില്‍ നായകന്‍ മഹേന്ദ്രസിങ് ധോണി തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കും വിധം ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നേകി. ആറ് പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ടോം കറാനെ മൂന്ന് ഫോറുകള്‍ പായിച്ച ധോണി വിജയറണ്‍ കുറിക്കുകയും ചെയ്തു.

ക്വാളിഫയറില്‍ തോറ്റ ഡല്‍ഹിക്ക് ഫൈനലില്‍ എത്താന്‍ ഒരു സാധ്യത കൂടി ശേഷിക്കുന്നു. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ക്വാളിഫയറില്‍ നേരിടും. രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :