രേണുക വേണു|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (12:50 IST)
ഐപിഎല്‍ 15-ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുകയാണ്. ആദ്യ മൂന്ന് കളികള്‍ പിന്നിടുമ്പോള്‍ മൂന്നിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ ടീം. ഇത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്.
മെഗാ താരലേലത്തില്‍ സംഭവിച്ച പിഴവുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഭാവി മുന്നില്‍കണ്ട് യുവതാരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസിക്ക് സാധിച്ചില്ലെന്ന് വിമര്‍ശനുമുണ്ട്.
രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയും വിമര്‍ശിക്കപ്പെടുന്നു. സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് ധോണി നായകസ്ഥാനം ഒഴിഞ്ഞത് ഉചിതമായ നടപടിയല്ലെന്നാണ് ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. ഈ സീസണ്‍ കഴിയുന്നതുവരെ ധോണിക്ക് കാത്തുനില്‍ക്കാമായിരുന്നു എന്ന് പലരും പറയുന്നു. ജഡേജയ്ക്ക് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ പറ്റുന്നില്ലെന്നും ഈ ക്യാപ്റ്റന്‍സിയും വെച്ച് പ്ലേ ഓഫില്‍ പോലും ടീമിനെ കയറ്റാന്‍ ജഡേജയ്ക്ക് സാധിക്കില്ലെന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.
ബൗളിങ്ങിലാണ് ടീം കൂടുതല്‍ മെച്ചപ്പെടേണ്ടത്. ദീപക് ചഹറിന്റെ അസാന്നിധ്യം ടീമിനെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ബാറ്റിങ്ങില്‍ ഋതുരാജ് ഗെയ്ക്വാദ് ഫോംഔട്ടില്‍ തുടരുന്നതും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയാണ്.