റസലിന്റെ പ്രഹരശേഷിയില്‍ 'കിളി പോയി' പഞ്ചാബ്; കൊല്‍ക്കത്തയുടെ ജയം ആറ് വിക്കറ്റിന്

രേണുക വേണു| Last Modified ശനി, 2 ഏപ്രില്‍ 2022 (08:17 IST)

ആന്ദ്രേ റസല്‍ 'വിശ്വരൂപം' പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റിന്റെ മിന്നുംജയം. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ കൊല്‍ക്കത്ത ആദ്യമൊന്ന് പതറിയെങ്കിലും റസല്‍ ക്രീസിലെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.

14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം കൊല്‍ക്കത്ത മറികടന്നത്. 51-4 എന്ന നിലയില്‍ കൊല്‍ക്കത്ത പതറുമ്പോഴാണ് റസല്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്. പിന്നീട് സാം ബില്ലിങ്‌സിനൊപ്പം ചേര്‍ന്ന് റസല്‍ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. 31 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും സഹിതം 70 റണ്‍സുമായി റസല്‍ പുറത്താകാതെ നിന്നു. സാം ബില്ലിങ്‌സ് പുറത്താകാതെ 23 പന്തില്‍ 24 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ (15 പന്തില്‍ 26), അജിങ്ക്യ രഹാനെ (11 പന്തില്‍ 12), വെങ്കടേഷ് അയ്യര്‍ (3), നിതീഷ് റാണ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

ഉമേഷ് യാദവിന്റെ തീപ്പൊരി ബൗളിങ് കരുത്തിലാണ് കൊല്‍ക്കത്ത പഞ്ചാബിനെ പിടിച്ചുകെട്ടിയത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് ഉമേഷ് യാദവ് വീഴ്ത്തിയത്. ഒന്‍പത് പന്തില്‍ 31 റണ്‍സ് നേടിയ ബനുക രജപക്‌സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :