അഭിറാം മനോഹർ|
Last Modified വെള്ളി, 19 ഏപ്രില്‍ 2024 (18:59 IST)
ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ച ഒരു പോരാട്ടമായിരുന്നു ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സ് പോരാട്ടം. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ശശാങ്ക് സിംഗ്, അശുതോഷ് ശര്‍മ എന്നിവര്‍ ചേര്‍ന്ന് ടീമിന് വിജയപ്രതീക്ഷ നല്‍കുകയായിരുന്നു. വന്‍ തകര്‍ച്ചയില്‍ നിന്ന ടീമിനെ കരകയറ്റുകയാണ് ശശാങ്ക് ചെയ്തതെങ്കില്‍ വിജയം മാത്രം ലക്ഷ്യമാക്കിയുള്ള പ്രകടനമായിരുന്നു അശുതോഷ് ശര്‍മയുടേത്. ജെറാള്‍ഡ് കൂറ്റ്‌സെ,ജസ്പ്രീത്
ബുമ്ര എന്നിവരടങ്ങിയ ബൗളിംഗ് നിരയെ അശുതോഷ് ഒറ്റയ്ക്ക് തല്ലിചതച്ചു.
28 പന്തില്‍ നിന്നും 7 സിക്‌സും 2 ഫോറുമടക്കം 61 റണ്‍സാണ് അശുതോഷ് നേടിയത്. അതില്‍ തന്നെ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ സ്വീപ്പിലൂടെ അശുതോഷ് നേടിയ സിക്‌സറിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ബുമ്രയെ പോലെ ഒരു ബൗളറെ അത്തരത്തില്‍ പ്രഹരിക്കാന്‍ അധികം താരങ്ങള്‍ക്ക് കഴിയില്ല എന്നത് തന്നെ അശുതോഷ് ശര്‍മയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ്. സൂര്യകുമാര്‍ യാദവിന്റെ ശൈലിക്ക് സമാനമായി ഗ്രൗണ്ടിന്റെ ഏത് മൂലയിലേക്കും കളിക്കാന്‍ അശുതോഷിന് എളുപ്പത്തില്‍ സാധിക്കുന്നുണ്ട്. യുവതാരമാണെങ്കിലും എത്ര പേര് കേട്ട ബൗളറെയും സമ്മര്‍ദ്ദമില്ലാതെ നേരിടാനാകുമെന്നും ഇന്നലെ അശുതോഷ് തെളിയിച്ചുകഴിഞ്ഞു.
സീസണില്‍ ഇതുവരെ 4 മത്സരങ്ങളില്‍ നിന്നും 205.26 സ്ട്രൈക്ക് റേറ്റില്‍ 156 റണ്‍സാണ് താരം നേടിയത്. മുന്‍നിര എല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്തുമ്പോള്‍ ശശാങ്ക് സിംഗ് അശുതോഷ് ശര്‍മ എന്നിവരാണ് പഞ്ചാബിനെ താങ്ങി നിര്‍ത്തുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയപ്രതീക്ഷ തീര്‍ത്തും അസ്തമിച്ച സമയത്തായിരുന്നു അശുതോഷിന്റെ പ്രകടനം.