അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (19:02 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പരാജയം രുചിച്ച് പഞ്ചാബ് കിംഗ്‌സ്. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയായിരുന്നു രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 8 വിക്കറ്റിന് 147 റണ്‍സാണ് നേടിയത്. ശിഖര്‍ ധവാന്റെ അസ്സാന്നിധ്യത്തില്‍ സാം കരനാണ് പഞ്ചാബിനെ നയിച്ചത്. ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ സാം കരനായെങ്കിലും പഞ്ചാബിന്റെ ഈ തീരുമാനത്തില്‍ ആരാധകര്‍ അതൃപ്തരാണ്.
2024 സീസണില്‍ പഞ്ചാബിന്റെ ഔദ്യോഗിക വൈസ് ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മയാണ്. പഞ്ചാബ് ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍പ് നടന്ന ഫോട്ടോഷൂട്ടില്‍ പോലും പഞ്ചാബിനെ പ്രതിനിധീകരിച്ചത് ജിതേഷായിരുന്നു. ഇതോടെ പഞ്ചാബ് ജിതേഷിനെ പേപ്പറില്‍ മാത്രമായി വൈസ് ക്യാപ്റ്റനാക്കിയെന്ന വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പോലും സ്ഥാനം പ്രതീക്ഷിക്കപ്പെടുന്ന താരത്തെ പഞ്ചാബ് ഒതുക്കികളയുകയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.
ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ കാര്യപ്പെട്ട പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെങ്കിലും രാജസ്ഥാനെതിരെ 24 പന്തില്‍ 29 റണ്‍സുമായി ജിതേഷ് ഭേദപ്പെട്ട പ്രകടനം നടത്തി. വൈസ് ക്യാപ്റ്റനായിട്ടും എന്തുകൊണ്ട് ജിതേഷിന് പകരം സാം കരനെ മത്സരത്തില്‍ നായകനാക്കി എന്ന ചോദ്യത്തിനോട് പഞ്ചാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.