നൈജീരിയ|
rahul balan|
Last Updated:
വെള്ളി, 1 ഏപ്രില്‍ 2016 (15:57 IST)
ഒട്ടിയ വയറും മെലിഞ്ഞുണങ്ങിയ ശരീരവുമായി തെരുവില്‍ നില്‍ക്കുന്ന ‘ഹോപ്പ്സ്’ എന്ന ബാലന്റെ ചിത്രം ഓര്‍മയില്ലെ? മന്ത്രവാദിയെന്നാരോപിച്ചാണ് അച്ഛനമ്മമാർ ഹോപ്പ്സിനെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു. തെരുവില്‍ ദിവസങ്ങളോളം പട്ടിണി കിടന്നെങ്കിലും ജീവന്‍ മാത്രം ആ കൊച്ചു ശരീരത്തില്‍ ബാക്കിയായി. അതിനിടയിലാണ് ജീവിതത്തിലെ ദൈവത്തിന്റെ കൈ എന്നപോലെ അൻജ നോവൽ എന്ന ഡാനിഷ് യുവതി ഹോപ്പ്സിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തെരുവില്‍ കിടന്ന ആ കുട്ടിയെ അന്‍ജ ദത്തെടുക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോപ്പ്സ് പെട്ടന്ന് സുഖം പ്രാപിച്ചു. ശരീരത്തിൽ കടന്നുകൂടിയ കൃമികളെ നീക്കം ചെയ്ത്, ഹോപ്പ്സിൽ പുതിയ രക്തം നിറച്ചു. രണ്ടു മാസത്തിനു ശേഷം ഹോപ്പ്സ് പൂര്‍ണ ആരോഗ്യവാനായി. തെരുവിൽ കണ്ട ആ കുട്ടിയാണ് ഇതെന്ന് ഹോപ്പ്സിന്റെ ചിത്രം കണ്ടാല്‍ ആരും പറയില്ല. ആഫ്രിക്കൻ ചിൽഡ്രൺസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനിലാണ് ഹോപ്പ്സ് ഇപ്പോള്‍ താമസിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയി തന്റെ പതിവ് യാത്രയ്ക്കിടയിലാണ് തെരുവില്‍ കിടക്കുന്ന ഹോപ്പ്സിനെ അൻജ കാണുന്നത്. അന്‍ജ അവന് വെള്ളവും ഭക്ഷണവും നല്‍കി. അൻജ ഹോപ്പ്സിന് കുപ്പിയിൽ വെള്ളം കൊടുക്കുന്ന ചിത്രം ലോകത്തിന്റെ കണ്ണ് നനയിച്ചു. ചിത്രത്തിനൊപ്പം അന്‍ജ എഴുതിയ വാക്കുകളാണ് ലോകത്തെ ചിന്തിപ്പിച്ചത്. ‘ഈ കഴിഞ്ഞ മൂന്നുവർഷമായി ഇത്തരം ഒരുപാട് കാഴ്ചകള്‍ ഞാൻ കാണുന്നു. ആയിരക്കണക്കിന് കുട്ടികളെയാണ് നൈജീരിയയില്‍ പിശാചിന്റെ ജന്മമാണെന്നാരോപിച്ച് തെരുവിലേക്ക് വലിച്ചെറിയുന്നത്. കുട്ടികളെ അതിദാരുണമായി മർദിക്കുന്ന കാഴ്ചകൾ, മരിച്ചുകിടക്കുന്ന കുട്ടികൾ..ഈ ചിത്രങ്ങൾ പറയും എന്തുകൊണ്ടാണ് ഞാനിന്നും ഈ പോരാട്ടം തുടരുന്നതെന്ന്. എന്തുകൊണ്ടാണ് ഞാനെന്റെ സ്വന്തമായിട്ടുള്ളതെല്ലാം വിറ്റതെന്ന്, എന്തുകൊണ്ടാണ് ഞാൻ, ഭൂമിയിലെ അധികമാരും വരാനിഷ്ടമില്ലാത്ത ഒരിടത്തേക്ക് വരാൻ തീരുമാനിച്ചതെന്ന്...’
ആരെയും കരയിപ്പിക്കുന്ന ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങിളില്‍ ചര്‍ച്ചയായി. അന്‍ജ പോലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങൾക്കകം അൻജയുടെ ഫൗണ്ടേഷനു ലഭിച്ചത്. അന്‍ജ രക്ഷിച്ച് 36 കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും ഭക്ഷണത്തിനുമെല്ലാം ആ പണം ധാരാളമാണ്. അതിനു പുറമെ കുട്ടികൾക്കു വേണ്ടി ഒരു ക്ലിനിക്കും നിർമാണം ആരംഭിച്ചു കഴിഞ്ഞു. തെരുവില്‍ മരണം കാത്തു കിടക്കുന്ന കുട്ടികള്‍ക്കൊരു പ്രതീക്ഷയെന്നപോലെ അവര്‍ അവനൊരു പേരു നല്‍കി ‘ഹോപ്പ്സ്’. ഭക്ഷണം കിട്ടാതെ നൈജീരിയന്‍ തെരുവുകളില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ശരിക്കും അവന്‍ ഇന്നൊരു പ്രതീക്ഷ തന്നെയാണ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം