ഹോട്ടലുടമ ചോദിക്കുന്നു, ഖത്തര്‍ രാജകുമാരന്‍ പാപ്പരോ?

ലണ്ടന്‍| WEBDUNIA|
ഖത്തറിലെ രാജകുമാരല്ലേ, പൈസ കിട്ടും എന്ന് കരുതി മുറി വാടകയ്ക്ക് കൊടുത്ത പഞ്ചനക്ഷത്ര ഹോട്ടലായ വൈന്‍‌ദാം ഗ്രാന്‍ഡ് പുലിവാല് പിടിച്ചിരിക്കുകയാണ്. പതിനെട്ട് മാസത്തെ സുഖവാസവും കഴിഞ്ഞ് രാജകുമാരന്‍ ഖത്തറിലേക്ക് പോയെങ്കിലും നയാപൈസ പോലും വാടകയിനത്തില്‍ ഹോട്ടലിന് ലഭിച്ചില്ല. ഒരൊറ്റ രാത്രി താമസിക്കാന്‍ മൂന്നുലക്ഷം രൂപ വരുന്ന 14 റൂമുകളാണ് ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ഷൈഖ് തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ അഹമ്മദ് അല്‍‌ അബ്ദുള്ള അല്‍ താനി രാജകുമാരന്‍ എടുത്തത്. സ്വന്തം ആവശ്യത്തിനായി രാജകുമാരന്‍ എടുത്ത സ്യൂട്ടാകട്ടെ ഹോട്ടലിലെ ഏറ്റവും മുന്തിയതും.

ഏകദേശം നാലുകോടി രൂപയാണ് നാല്‍‌പതുകാരനായ രാജകുമാരന്‍ ഹോട്ടലില്‍ കൊടുക്കാനുള്ളത്. പണമടയ്ക്കാതെ രാജകുമാരന്‍ ഹോട്ടല്‍ വെക്കേറ്റ് ചെയതപ്പോള്‍ മഹാകോടികളുടെ ആസ്തിയുള്ള ഷൈഖല്ലേ, ഭയക്കാനൊന്നുമില്ല എന്ന് സമാധാനിക്കുകയായിരുന്നു ഹോട്ടലുകാര്‍. കുറച്ചുകാലം കാത്തെങ്കിലും പൈസ കിട്ടില്ല എന്ന സ്ഥിതി വന്നപ്പോള്‍ ഹോട്ടലുമാര്‍ എഴുത്തുകുത്ത് നടത്തി. ഉടന്‍ തന്നെ, വന്‍ തുകയ്ക്കുള്ള മൂന്ന് ചെക്കുകള്‍ രാജകുമാരന്‍ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ബാങ്കിലിട്ടപ്പോഴാണ് കയ്യില്‍ കിട്ടിയത് വണ്ടിച്ചെക്കാണെന്ന് ഹോട്ടലുകാര്‍ക്ക് മനസിലായത്.

തുകയും തുകയുടെ പലിശയും കൂടി അഞ്ചുകോടി രൂപ കിട്ടണമെന്നാണ് ഹോട്ടലുകാരുടെ ആവശ്യം. ഇതിനായി കടുത്ത നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വൈന്‍‌ദാം ഗ്രാന്‍ഡ് ഹോട്ടല്‍ തീരുമാനിച്ചിരിക്കുന്നത്.

ലണ്ടന്‍ സുഖവാസത്തിനിടയില്‍ കാര്‍ റെന്റല്‍ കമ്പനിയായ ക്രോം‌വെല്‍ കാര്‍സില്‍ നിന്ന് ഒരുപിടി മെര്‍സിഡസ് കാറുകള്‍ വാടകയ്ക്ക് എടുത്ത പൈസയും രാജകുമാരന്‍ കൊടുത്തിട്ടില്ല. ഏകദേശം 15 ലക്ഷം രൂപാ വരും ഈ തുക. വാര്‍ത്ത പുറത്ത് വന്നതോടെ എങ്ങനെയെങ്കിലും പൈസാ നല്‍‌കി നാണക്കേടില്‍ നിന്ന് തടിതപ്പാനുള്ള ശ്രമത്തിലാണ് രാജകുമാരന്റെ കുടുംബം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :