ലഷ്കര്‍ ഇ തോയിബയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പിടികൂടിയ അമേരിക്കന്‍ പൌരന്‍ ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചിക്കാഗോയിലെ പാകിസ്ഥാന്‍ കോണ്‍സുല്‍ ജനറലിന് നേരത്തെ അറിയാമായിരുന്നെന്ന് എഫ്‌ബിഐ. ഹെഡ്‌ലിക്ക് പാകിസ്ഥാന്‍ സന്ദര്‍ശിക്കാനായി അഞ്ച് വര്‍ഷത്തെ വിസ വേണമെന്ന് കോണ്‍സുല്‍ ജനറലിനോട് ആവശ്യപ്പെട്ടിരുന്നതായും എഫ്ബിഐ ചിക്കാഗോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ഹെഡ്‌ലിക്ക് ഒപ്പം പിടികൂടിയ തഹാവൂര്‍ ഹുസൈന്‍ റാണയാണ് കോണ്‍സുല്‍ ജനറലിനോട് വിസ ആവശ്യപ്പെട്ടത്. ഹൈസ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ഇവര്‍ മൂവരുമെന്നും എഫ്‌ബിഐ പറയുന്നു. അതേസമയം റാണയ്ക്കും ഹെഡ്‌ലിക്കും ലഷ്കറുമായി ബന്ധമുണ്ടെന്ന കാര്യം പാക് നയതന്ത്രപ്രതിനിധിക്ക് അറിയാമെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. കറാച്ചിയിലെ സൈനിക സ്കൂളിലായിരുന്നു ഹെഡ്‌ലിയുടെയും റാണെയുടെയും വിദ്യാഭ്യാസം. കനേഡിയന്‍ വംശജനായ പാകിസ്ഥാനിയാണ് റാണെ.
പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ലഷ്കര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും നേതാക്കളെ കാണാനുമാണ് ഹെഡ്‌ലി പാക് വിസയ്ക്ക് ശ്രമിച്ചിരുന്നത്. ഹെഡ്‌ലിയെ ഉപയോഗിച്ച് ഇന്ത്യയില്‍ വന്‍ സ്ഫോടനം നടത്താന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇവരുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍ ഒരു ഇന്ത്യന്‍ നടന്‍ രാഹുലിനെ ആക്രമിക്കുന്ന കാര്യം പറയുന്നുണ്ട്. രാഹുല്‍ ഗാന്ധിയെയാണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഒരു കോഡ് മാത്രമാകാനാണ് സാധ്യതയെന്നാണ് എഫ്‌ബിഐയുടെ വിലയിരുത്തല്‍.
ഇക്കൊല്ലമാദ്യം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഹെഡ്‌ലി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായും എഫ്‌ബിഐ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒക്ടോബറില്‍ അടുത്ത സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരിക്കുകയായിരുന്നെന്നും ഈ സമയത്ത് ലഷ്കര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നതായും ഹെഡ്‌ലി സമ്മതിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.