മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2009 (15:29 IST)
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് അമേരിക്കയിലെ ‘ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍’ (എഫ്‌ബിഐ) ബുധനാഴ്ച സ്ഥിരീകരിച്ചു. കേസില്‍ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക കോടതിക്കുമുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഒരു എഫ്ബിഐ ഏജന്റാണ് സ്ഥിരീകരണം നല്‍കിയത്.
ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഡാറ്റ വിശകലനം ചെയ്തതില്‍ നിന്ന് പാകിസ്ഥാന് 26/11 ആക്രമണങ്ങളില്‍ പങ്ക് ഉണ്ടെന്ന് വ്യക്തമായി എന്നാണ് എഫ്ബിഐ ഏജന്റ് വിശദീകരണം നല്‍കിയത്. ഉപഗ്രഹ തെളിവുകളുടെ അടിസ്ഥാനത്തില്‍, പിടിയിലായ അജ്മല്‍ അമിര്‍ കസബ് ഉള്‍പ്പെടെ 10 ഭീകരര്‍ കറാച്ചിയില്‍ നിന്ന് മുംബൈയിലേക്ക് സമുദ്ര മാര്‍ഗ്ഗമാണ് എത്തിയതെന്നും വ്യക്തമായതായി എഫ്ബിഐ ഏജന്റ് പറഞ്ഞു.
രണ്ട് എഫ്ബിഐ ഏജന്റുമാരാണ് കോടതിക്ക് മുന്നില്‍ തെളിവുകള്‍ നല്‍കുക. ഇതില്‍ ഒരാളില്‍ നിന്നുള്ള മൊഴികളാണ് ശേഖരിച്ചത്. ഇവരെക്കൂടാതെ മൂന്ന് അമേരിക്കന്‍ പൌരന്‍മാരും മൊഴി നല്‍കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈ ഭീകരാക്രമണ കേസില്‍ വിദേശത്തുള്ള ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്.
ആക്രമണത്തില്‍, ആറ് അമേരിക്കന്‍ വംശജരും കൊല്ലപ്പെട്ടിരുന്നു. ഇതെ തുടര്‍ന്ന് എഫ്ബിഐ ഇന്ത്യയിലും പാകിസ്ഥാനിലും നടത്തിയ അന്വേഷണങ്ങളില്‍ സംഭവത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമായിരുന്നു. ലഷ്കര്‍-ഇ-തൊയ്ബ മുംബൈ ഭീകരാക്രമണ പദ്ധതിയിട്ടതിനെ കുറിച്ചും നടപ്പാക്കിയതിനെ കുറിച്ചും എഫ്ബിഐ ഏജന്റുമാര്‍ കോടതിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത്.