ബംഗ്ലാദേശിലെ അതിര്‍ത്തിരക്ഷാ സേനയിലുണ്ടായ കലാപത്തെക്കുറിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ അന്വേഷണം നടത്തും. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ദിപുമൊനി ആണ് ഇക്കര്യം അറിയിച്ചത്.
അന്വേഷണത്തിനായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഇന്ന് ധാക്കയിലെത്തുമെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. നേരത്തെ അധികൃതരുമായി ബന്ധപ്പെട്ട് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
150 ഓളം വിമത സൈനികരെ കുറ്റക്കാരായി കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ, വിദേശബന്ധങ്ങളുള്ളതായി സംശയമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കലാപ സമയത്തെ വീഡിയോ ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
36 പേരെ പിടികൂടിയിട്ടുമുണ്ട്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല.
രണ്ടാഴ്ച്ച മുമ്പ് ശമ്പളവര്‍ധനയും മെച്ചപ്പെട്ട ജോലി സാഹചര്യവും ആവശ്യപ്പെട്ടായിരുന്നു സേനയ്ക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 73 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.