ഹയാന്റെ സംഹാരതാണ്ഡവം; ദുരിത മേഖലകളില്‍ വ്യാപക കൊള്ള

മനില| WEBDUNIA|
PRO
മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച സംഹാര താണ്ഡവമാടിയ ഹയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ വ്യാപക കൊള്ള നടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൂപ്പര്‍ മാര്‍ക്കറ്റുകളും വന്‍ വ്യാപാര കേന്ദ്രങ്ങളും തകര്‍ത്ത് ആഹാരസാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ടാക്ലോബാന്‍ നഗരത്തില്‍ അക്രമവും കൊള്ളയും തടയാന്‍ പൊലീസിനെയും പട്ടാളത്തെയും വിന്യസിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ് പ്രസിഡന്റ് ബെനിഗ്നൊ അക്വിനോക്കെതിരെ തിരിയുകയാണ് ചുഴലിക്കാറ്റില്‍ രക്ഷപ്പെട്ടവരെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചുഴലിക്കാറ്റിനെ അതിജീവിച്ചവര്‍ കുടിവെള്ളംപോലും കിട്ടാതെ പരക്കംപായുകയാണ്. ദുരന്തബാധിതമേഖലകളില്‍ ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

40 ടണ്‍ ബിസ്‌കറ്റുകള്‍ ഉടന്‍ എത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്.
മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തില്‍ ഹൈയാന്‍ ഫിലിപ്പീന്‍സ് ദ്വീപസമൂഹത്തെ കശക്കിയെറിഞ്ഞപ്പോള്‍ 3.3 ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 36 പ്രവിശ്യകളിലെ 43 ലക്ഷം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു.

ഫിലിപ്പീന്‍സ് തീരത്ത് ദുരിതം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്‌നാം തീരത്തേക്ക് നീങ്ങുകയാണ്. ഇതേത്തുടര്‍ന്ന് വിയറ്റ്‌നാമില്‍ ആറുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെയോടെ 74 കിലോമീറ്റര്‍ വേഗത്തില്‍ ഹൈയാന്‍ വിയറ്റ്‌നാമിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൈനയും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കന്‍ ദ്വീപ് മേഖലയായ ഹൈനാനില്‍ 13,000 പേരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ലെയ്റ്റ് പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ മാത്രം പതിനായിരത്തോളംപേര്‍ കൊല്ലപ്പെട്ടതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :