സുനാമി കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയ ജപ്പാന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ പൂര്‍ത്തിയാകണമെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ലോക ബാങ്കിന്റെ കണക്കുകൂട്ടല്‍. 8600 ഓളം ജീവനുകളെങ്കിലും ദുരന്തത്തില്‍ പൊലിഞ്ഞിട്ടുണ്ടെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.
ഭൂകമ്പത്തിലും സുനാമിയിലും 23,500 കോടി ഡോളറിന്റെ നാശങ്ങളുണ്ടായെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. ജപ്പാനിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 140 മുതല്‍ 330 ലക്ഷം ഡോളര്‍ വരെ ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
നടപ്പ് ബജറ്റില്‍ നിന്നും 120 കോടി ഡോളറാണ് ജപ്പാന്‍ സര്‍ക്കാരിന് പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി വിനിയോഗിക്കേണ്ടി വരിക. നിലവില്‍ നിര്‍മ്മാണ മേഖലയിലുണ്ടായിരിക്കുന്ന സ്തംഭനം അധികനാള്‍ നീണ്ട് നില്‍ക്കാന്‍ ഇടയില്ലെന്നും ലോക ബാങ്ക് വിലയിരുത്തി.
എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയില്‍ ഇവയുടെ വില ഉയര്‍ത്തിയിട്ടുണ്ട്. സുനാമി കനത്ത തിരിച്ചടിയാണ് വ്യവസായ മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.