സിറിയ രാസായുധം പ്രയോഗിച്ചത് സ്ഥിരീകരിച്ചതായി യുഎന്‍ സംഘം

ന്യുയോര്‍ക്ക്| WEBDUNIA| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (10:04 IST)
PRO
രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരിച്ചുവെന്ന് യുഎന്‍. യുഎന്‍ ഏര്‍പ്പെടുത്തിയ ദൌത്യ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ രാസയുധപ്രയോഗം നടന്നിട്ടുണ്ടെന്ന് യുഎന്‍ വ്യക്തമാക്കിയത്.

സിറിയയില്‍ രാസായുധപ്രയോഗം നടന്നുവെന്നു സ്ഥിരീകരിക്കുന്ന സൂചനകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രാസായുധ പ്രയോഗത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു കരുതുന്നതായി സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയിരുന്നു.

തലസ്ഥാനമായ ഡമാസ്കസ്‌ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗൗട്ടയില്‍ കഴിഞ്ഞ മാസം 21-നു രാസായുധ ആക്രമണത്തില്‍ 1429 പേര്‍ കൊല്ലപ്പെട്ടിരുന്നു‌. എന്നാല്‍ സര്‍ക്കാര്‍ ഇത് വിമതരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ശ്രമിച്ചത്. അതേ സമയം സര്‍ക്കാരാണെന്ന് വിമതരും ആരോപിച്ചിരുന്നു.

സരിന്‍ എന്ന രാസായുധമാണ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചതെന്നും ഭൗമോപരിതല മിസെയിലുകളുടെ സഹായത്തോടെയാണ്‌ ഇത്‌ പ്രയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ സൈനിക നടപടി ഒഴിവാക്കാന്‍ രാജ്യത്തെ രാസായുധശേഖരം നശിപ്പിക്കുക എന്ന നിര്‍ദേശത്തിനു റഷ്യയും യുഎസും അംഗീകാരം നല്‍കിയിരുന്നു.

അതേ സമയം സിറിയയ്ക്കെതിരെയുള്ള സൈനിക നടപടി അടഞ്ഞ അധ്യായമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സൂചിപ്പിച്ചിരുന്നു. മെഡിറ്റനേറിയന്‍ കടലില്‍ അമേരിക്കന്‍ നാവിക സേന ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :