സവിതയുടെ മരണം ചികിത്സാപിഴവ്മൂലം

ഡബ്ലിന്‍: | WEBDUNIA| Last Modified ഞായര്‍, 17 ഫെബ്രുവരി 2013 (14:11 IST)
PRO
PRO
ഇന്ത്യന്‍ ദന്ത ഡോക്ടറായ സവിത ഹാലപ്പനാവര്‍ അയര്‍ലന്‍‌ഡിലെ ആശുപത്രിയില്‍ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. സവിതയുടെ മോശമായ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയാത്തതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലന്‍‌ഡിലെ ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ പിഴവിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. അയര്‍ലന്‍ഡിലെ പ്രമുഖ പത്രമാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ 28നാണ് സവിത അയര്‍ലന്‍‌ഡിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. രക്തത്തിലെ അണുബാധ കണ്ടെത്താനും മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമം കര്‍ശനമായതിനാല്‍ സവിതയുടെ ബന്ധുക്കള്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ തയാറായില്ല.

31കാരിയായി സവിത 17 ആഴ്ച് ഗര്‍ഭിണിയായിരുന്നു. ഗര്‍ഭഛിദ്രത്തിന് കടുത്ത നിയമമുളള രാജ്യമാണ് അയര്‍ലന്‍‌ഡ്. ഗര്‍ഭഛിദ്രം അനുവദിക്കാത്തതാണ് മരണകാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണ സംഘത്തില്‍ ആശുപത്രിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും സവിതയുടെ ഭര്‍ത്താവ് പ്രവീണിന്റെ ആവശ്യപ്രകാരം ഒഴിവാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :