സര്‍ക്കോസി, ‘നഗ്നനായ ചക്രവര്‍ത്തി’: വിക്കിലീക്സ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2010 (18:40 IST)
വിക്കിലീക്സ് പുതിയതായി പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖകള്‍ ലോക നേതാക്കളെ കുറിച്ചുള്ള ആക്ഷേപ സമാഹാരമാണ്! ലോകമെമ്പാടുമുള്ള യുഎസ് എംബസി ഉദ്യോഗസ്ഥര്‍ പല നേതാക്കളെയും ഇരട്ടപ്പേരുകളിലാണ് വിളിക്കുന്നത് എന്ന് ഈ രേഖകളില്‍ കാണാന്‍ സാധിക്കും.

ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ ‘നഗ്നനായ ചക്രവര്‍ത്തി’ എന്ന പേരിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി കഴിവുകെട്ട പുങ്കനാണെന്നും റഷ്യന്‍ പ്രസിഡന്റ് മെദ്‌വദെവും പ്രധാനമന്ത്രി പുടിനും കോമിക് കഥാപാത്രങ്ങളായ റോബിനും ബാറ്റ്മാനുമാണെന്നും യുഎസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചിരിക്കുന്നതായി വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിനെ ‘ഹിറ്റ്‌ലര്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഇലിനെ തടിച്ച വയസ്സന്‍ എന്നും യുഎസ് നയതന്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നു.

ഹമീദ് കര്‍സായിക്ക് സംശയരോഗമാണെന്ന് പറയുന്ന റിപ്പോര്‍ട്ടുകളില്‍ കെനിയന്‍ നേതൃത്വത്തെ അവജ്ഞയോടെയാണ് കാണുന്നത്. റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനും ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍‌വിയോ ബര്‍ലൂസ്കോണിയും തമ്മില്‍ സ്വകാര്യ ഇടപാടുകള്‍ ഉണ്ടെന്ന അഭ്യൂഹങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് റോമിലെ എംബസിയോട് ആവശ്യപ്പെടുന്നതും പ്രസിദ്ധീകരിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു.

ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഏഞ്ചല മെക്കലിന് അപകടങ്ങള്‍ ഒഴിവാക്കാനുള്ള കഴിവ് ഉണ്ടെങ്കിലും സൃഷ്ടിപരത കുറവാണെന്നും വിക്കിലീക്സ് പുറത്തുവിട്ട യുഎസ് നയതന്ത്ര രേഖകളില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :