വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ശനി, 23 ഒക്ടോബര്‍ 2010 (10:59 IST)
വിക്കിലീക്സ് പുറത്തുവിട്ട പുതിയ യുഎസ് യുദ്ധ രേഖകളില്‍ നിന്ന് ഇറാഖില്‍ നടന്ന ക്രൂരമായ പീഡനങ്ങളുടെ കഥയും വ്യക്തമാവും. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട 400,000 യുദ്ധ രേഖകളാണ് വിക്കിലീക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇപ്പോള്‍ പുറത്തുവിട്ട രേഖകള്‍ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവുകളാണ്. ഇതെ കുറിച്ച് യുഎസ് സൈന്യത്തിന് അറിവുണ്ടായിരുന്നു എങ്കിലും നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കുറഞ്ഞത് 40 അനധികൃത കൊലപാതക കേസുകള്‍ക്ക് ഉള്ള വ്യക്തമായ തെളിവുകളാണ് ഇതെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ പറയുന്നു.
ഇറാന് പരിശീലനത്തെ കുറിച്ചുള്ള യുഎസ് ഉത്കണ്ഠകളെ കുറിച്ചും വിക്കിലീക്സ് വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്. 2003 മുതല്‍ 2009 വരെയുള്ള സൈനിക രേഖകളാണ് വിക്കിലീക്സ് പരസ്യമാക്കുന്നത്. ഇതില്‍, ഇറാഖ് യുദ്ധത്തില്‍ 66,081 സാധാരക്കാര് കൊല്ലപ്പെട്ടതിനെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്.
ചെക്ക് പോയന്റുകളില്‍ വച്ച് സാധാരണക്കാരെ അനധികൃതമായി കൊന്നൊടുക്കിയതിനെ കുറിച്ചും ഇറാഖ് തടവുകാരെ സഖ്യ സേന പീഡിപ്പിച്ചതിനെ കുറിച്ചും ഒരു തീവ്രവാദിക്കു വേണ്ടി ഒരു കെട്ടിടം മുഴുവന്‍ തകര്‍ത്തതിനെ കുറിച്ചുമെല്ലാം പുതിയ വെളിപ്പെടുത്തലുകള്‍ വെളിച്ചം വീശുന്നു എന്ന് വിക്കിലീക്സ് അധികൃതര്‍ വെളിപ്പെടുത്തുന്നു.
വിക്കിലീക്സ് ജൂലൈയില്‍ അഫ്ഗാന് യുദ്ധവുമായി ബന്ധപ്പെട്ട 77,000 രഹസ്യരേഖകള്‍ പുറത്തുവിട്ടതു വിവാദമായിരുന്നു. തുടര്‍ന്ന്, ഇത്തരം രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് വിദേശത്തുള്ള സൈനികരുടെയും ജനങ്ങളുടെയും ജീവന് അപകടത്തിലാക്കുമെന്ന് യുഎസും നാറ്റോയും പറഞ്ഞിരുന്നു.