വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58) അന്തരിച്ചു. കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറയാണ് ഷാവേസിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു ഷാവേസ്. ട്യൂമര്‍ നീക്കം ചെയ്യുന്നതിനായി ക്യൂബയില്‍ നാലാം ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഷാവേസ് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ കീമോതെറാപ്പി ചികിത്സയിലായിരുന്നു.
ഫെബ്രുവരി 15ന് രണ്ട് പെണ്‍മക്കള്‍ക്കൊപ്പ അദ്ദേഹം ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രം വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. രോഗത്തെ തോല്‍പ്പിച്ച് ഷാവേസ് തിരിച്ചെത്തുമെന്ന പ്രതീഷയിലായിരുന്നു വെനസ്വേലന്‍ ജനത.
14 വര്‍ഷക്കാലം വെനസ്വേലയുടെ ഭരണാധികാരിയായ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. അടുത്ത ആറ് വര്‍ഷത്തേക്കുകൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജനവരി പത്തിനായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്.