കാഠ്മണ്ഡു|
WEBDUNIA|
Last Modified ബുധന്‍, 14 ജൂലൈ 2010 (17:50 IST)
‘ബിക്കിനി കൊലയാളി’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജിനെതിരെയുള്ള കൊലപാതക കേസില്‍ വിധി പറയുന്നത് നേപ്പാള്‍ സുപ്രീം കോടതി മൂന്നാം തവണയും മാറ്റിവച്ചു. ജൂലൈ 30 ന് വിധി പറയുമെന്നാണ് കോടതി ബുധനാഴ്ച പറഞ്ഞത്.
പ്രോസിക്യൂഷനും പ്രതിഭാഗവും സമര്‍പ്പിച്ച വാദങ്ങള്‍ പൂര്‍ണമായും പഠിക്കാന്‍ സമയം ലഭിക്കാത്തതു കാരണം കേസില്‍ വിധി പറയുന്നത് മാറ്റുകയാണെന് ജസ്റ്റിസുമാരായ രാം കുമാര്‍ പ്രസാദ് ഷായും ഗൌരി ധക്കലും പറഞ്ഞു.
1975 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധിയാണ് കോടതി മാറ്റിവച്ചത്. മുപ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള കേസില്‍ ശോഭരാജിനെതിരെ ശക്തമായ തെളിവുകളൊന്നും ഇല്ല എന്നാണ് അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.
1970-80 കാലഘട്ടത്തില്‍ ഇരുപതോളം പാശ്ചാത്യ സുന്ദരികളെ മയക്കുമരുന്നും വിഷവും നല്‍കി കൊലപ്പെടുത്തിയ ശോഭരാജ് വേഷം മാറി രക്ഷപെടാനും വിരുതനാണ്. 1975 ല്‍ തായ്‌ലന്റിലെ പട്ടായ ബീച്ച് റിസോര്‍ട്ട് ടൌണില്‍ ബിക്കിനി ധരിച്ച ആറ് യുവതികളെ മയക്കുമരുന്ന് നല്‍കി ശോഭരാജ് കൊലപ്പെടുത്തിയിരുന്നു. ഇതോടെ, ‘ബിക്കിനി കൊലയാളി’ എന്ന പേര് ലഭിച്ച ശോഭരാജിനെതിരെ തായ്‌ലന്റ് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.