റഷ്യന്‍ അധിനിവേശത്തില്‍ മനംനൊന്ത് ടിവി അവതാരക തത്സമയ വാര്‍ത്ത സംപ്രക്ഷേപണനത്തിനിടെ തന്റെ രാജി പ്രഖ്യാപിച്ചു. റഷ്യന്‍ ഉടമസ്ഥതയില്‍ വാഷിങ്ങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യ ടുഡെ എന്ന ടെലിവിഷന്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും രാജി പ്രഖ്യാപിക്കുകയാണ് ടിവി അവതാരകയായ ലിസ് വാഹ്ല് ചെയ്തത്.
റഷ്യന്‍ സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന റഷ്യ ടുഡെ ചാനല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ എല്ലാ നടപടികളും വെള്ളപൂശുകയാണെന്ന പ്രസ്‌താവനയോടെയാണ് രാജിവിവരം ലിസ് ഇന്ന് ചാനലിലൂടെ പ്രഖ്യാപിച്ചത്. യുക്രെയ്നിലെ ക്രൈമിയ മേഖലയില്‍ റഷ്യയുടെ ഇടപെടല്‍ തെറ്റാണ്.
ഹംഗേറിയന്‍ വിപ്ലവത്തിന്റെ കാലത്ത് സോവിയറ്റ് സേനയുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അഭയാര്‍ഥികളായി അമേരിക്കയില്‍ കുടിയേറിയവരുടെ പേരക്കുട്ടിയായ താന്‍ റഷ്യന്‍ നിലപാടില്‍ വംശീയവും ധാര്‍മികവുമായ ഒട്ടേറെ വെല്ലുവിളി നേരിടുന്നു.
യുഎസില്‍ വളരാനായതില്‍ ഭാഗ്യവതിയാണെന്നും സൂചിപ്പിച്ച ശേഷമാണ് റഷ്യന്‍ സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലില്‍ പ്രവര്‍ത്തിക്കുന്നതില്‍ വ്യക്‌തിപരമായി ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്താ അവതരണത്തിനു ശേഷം രാജിവയ്ക്കുകയാണെന്നും ലിസ് പ്രസ്‌താവിച്ചത്.
അമേരിക്കനെന്ന നിലയില്‍ അഭിമാനിക്കുന്നതായും സത്യം പ്രചരിപ്പിക്കുന്നതില്‍ വിശ്വാസമുണ്ടെന്നും ലിസ് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ യുക്രെയ്ന്‍ ഇടപെടലിനെതിരെ റഷ്യ ടുഡെയിലെ തന്നെ മറ്റൊരു അവതാരകയായ അബി മാര്‍ട്ടിന്‍ തിങ്കളാഴ്ച വാര്‍ത്തകള്‍ക്കിടെ വ്യക്‌തിപരമായ നിലപാട് വ്യക്‌തമാക്കിയിരുന്നു. രാജിപ്രഖ്യാപനം സംബന്ധിച്ച് റഷ്യ ടുഡെ ചാനലിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.